തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അമ്മാവൻ ജോസ് സുന്ദരത്തിന് നൽകാനും കോടതി നിര്‍ദേശിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളിൽ അപൂര്‍വങ്ങളായി കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. 2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്. കേസിൽ ഏകപ്രതിയായ കേദൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്.
436-ാം വകുപ്പിലെ ഏഴുവർഷം തടവും 201-ാം വകുപ്പിലെ അഞ്ചുവർഷം തടവും ഉൾപ്പെടെ 12 വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ. ഏകദേശം 30 വർഷക്കാലം കേദൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. 15 ലക്ഷം രൂപ വരുന്ന പിഴത്തുക കേസിലെ ഒന്നാം സാക്ഷിയായ ജോസ് സുന്ദരത്തിന് കൈമാറണമെന്ന് കോടതി വിധിച്ചതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കൂട്ടക്കൊലപാതകം ഏറ്റവും കൂടുതൽ ബാധിച്ചത് ജോസിനെ ആണെന്ന് ആദ്യകാലം മുതലേ കോടതിയിൽ ഉന്നയിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
![]()
