കൊച്ചി : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സെൻട്രൽ എസിപി നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്.
നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. ഇന്ന് വൈകീട്ടോടുകൂടി ഷൈൻ ടോം ചാക്കോ തൃശൂരിലുള്ള വീട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ . പ്രധാനമായും 2 ചോദ്യങ്ങളാകും പൊലീസ് നടനോട് ചോദിക്കുക. അതിൽ ആദ്യത്തേത് ലഹരി കൈവശം ഉള്ളതുകൊണ്ടാണോ പരിശോധന നടക്കുമ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്, അതോ നേരെത്തെ ലഹരി ഉപയോഗിച്ചതിൽ വൈദ്യ പരിശോധന ഉണ്ടാകുമോ എന്ന ആശങ്കയിലാണോ ഓടിയത് തുടങ്ങിയ കാര്യങ്ങളിലാകും പൊലീസ് വ്യക്തത വരുത്തുക.
എന്നാൽ ഷൈൻ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. മദ്യ കുപ്പി മാത്രമാണ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നത്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ കേസും പരാതിയും ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തി നാളെ പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് പൊലിസ് നോട്ടിസ് നൽകിയത് . നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് ഷൈൻ ഹാജരാകുമെന്ന് പിതാവ് ചാക്കോ അറിയിച്ചു
![]()
