കൊച്ചി : പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ദു:ഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രാർത്ഥനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകൾ സംയുക്തമായാണ് കുരിശിന്റെ വഴി നടത്തിയത്. പാളയം സെന്റ് ജോസഫ് കത്തിഡ്രലിൽ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും ആച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നൽകി.
ശക്തമായ ജാഗ്രത പുലര്ത്തണമെന്നും ബുദ്ധി നശിച്ച ഒരു തലമുറയെയാണ് ലഹരി സൃഷ്ടിക്കുന്നതെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
കോഴിക്കോട് ദേവമാതാ കത്തിഡ്രലിൽ നിന്നാണ് കുരിശിന്റെ വഴി തുടങ്ങിയത്. പീഡാനുഭവത്തിന്റെ 14 ഇടങ്ങളിൽ പ്രാർത്ഥനകൾ പൂർത്തിയാക്കി യാത്ര സെന്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സഭാ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴുർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
![]()
