റൂസോ.ഡോമിനിക്ക: ഇന്ത്യൻ ബോളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വെസ്റ്റിൻഡീസ്. ഇന്ത്യ–വെസ്റ്റിൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിൽ താളം കണ്ടെത്താനാകാതെ വലയുകയാണ് വെസ്റ്റിൻഡീസ് ബാറ്റർമാർ. ഉച്ചഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോൾ 40 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എടുക്കാനെ െവസ്റ്റിൻഡീസിനായുള്ളു. 20 റൺസ് എടുത്ത് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് പുറത്തായി. ചെന്ദെർപോൾ –12, റെയ്മൺ റെയ്ഫർ –2, ജെറമിയ ബ്ലാക്വുഡ് –14, ജോഷ്വ ഡ സിൽവ –2 എന്നിങ്ങനെ റൺസെടുത്തു പുറത്തായി. രവിചന്ദർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതവും ഷർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളുടെയെല്ലാം ശിൽപികളായിരുന്ന മുൻനിര പേസർമാരില്ലാതെയാണ് ഇന്ത്യ കളം പിടിച്ചത്.19 ടെസ്റ്റുകളുടെ മാത്രം മത്സരപരിചയമുള്ള മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് പടയെ നയിക്കുന്നത്. കൂട്ടിന് 9 ടെസ്റ്റുകൾ കളിച്ച ഷാർദൂൽ ഠാക്കൂർ, 2 മത്സരം വീതം കളിച്ച ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, അരങ്ങേറ്റം നടത്തുന്ന മുകേഷ് കുമാർ എന്നിവരുണ്ട്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും കളത്തിലിലല്ല.
സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിനു കരുത്തു പകരും. റൂസോയിലെ വിൻസർ പാർക്കിലാണ് മത്സരം.
ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാനാവാതെ പോയ വിൻഡീസിന് ലോക ക്രിക്കറ്റിൽ തങ്ങൾ അപ്രസക്തരായിട്ടില്ല എന്നു തെളിയിക്കാനുള്ള അവസരമാണ് ഈ പരമ്പര.
![]()
