ഹൃദയത്തിൽ നിന്നും..
*ശ്രീകുമാരി അശോകൻ*
കൊഴിഞ്ഞ മലരുകൾ മണ്ണിൽ സുഷുപ്തിയിലാണ്ടുപോയി
മരിച്ച സ്വപ്നങ്ങൾ മറവിതൻ
നീർക്കയങ്ങളിലാഴ്ന്നുപോയി
വിടർന്ന പൂക്കളിൽ ചൊരിഞ്ഞ സൗരഭം
നിലാക്കുളിർ വന്നു കവർന്നെടുത്തുപോയ്
കാലം കരുതി വച്ച വിധിയുമായ്
നോവിൻ ചെറു ചില്ലയിൽ കൂടൊരുക്കുന്നു
സ്വപ്നങ്ങൾ കാണാൻ മറന്ന പൈങ്കിളി.
നിറഞ്ഞ മിഴിയിലെ തുളുമ്പും തുള്ളിമേൽ
നനുത്ത നൊമ്പരം കുടിയിരിക്കുമ്പോൾ
ചേർത്തു വെക്കുവാനാകാത്ത ചിറകുമായ്
വെറുതേ നിന്നു വിതുമ്പുന്നു പൈങ്കിളി
മധുവസന്തങ്ങൾ അകലെയാകുമ്പോൾ
തളിർക്കുവതെങ്ങനെ പൂക്കുവതെങ്ങനെ
വിധിയൊരുക്കിയ കൂർത്തമുള്ളുകൾ
ഹൃദയമാകവേ വരഞ്ഞു പോകവേ
ഉതിർന്ന ചോരതുള്ളികൾ കൊണ്ടൊരു
ചാരുരൂപം മെനയുന്നു മാനസം
കവിളിണയിൽ ചാലിട്ട കണ്ണുനീർ
കദനഭാരങ്ങൾ അയവിറക്കുന്നുവോ
മറഞ്ഞുവോ നീ മറന്നുവോ എൻ
പ്രിയതരമാം സ്നേഹാർച്ചനകളെ
സ്മൃതിപഥങ്ങളിൽ ഉയിരിടുന്നിപ്പോഴും
നീ പകർന്നു തന്നൊരാ ഹൃദയരാഗങ്ങൾ
മറക്കുവാനാകാത്ത ആത്മനിർവൃതിയുടെ
പകലുണർവിൽ ഇരിപ്പൂ ഞാനെപ്പോഴും
മറവിയില്ലാത്ത മനസ്സരസ്സിൽ നീ
വിടർന്നു നിൽക്കും സരസീരൂഹം
സ്നേഹദ്യൂതി പരത്തുന്ന ആകാശമേടയിൽ
മായാതെ നിൽക്കും മാരിവില്ല്
എന്റെ ജീവന്റെ ജീവനാം അമൃതബിന്ദു.
ശ്രീകുമാരി അശോകൻ.
![]()
