മണിപ്പൂർ : മണിപ്പൂർ ക്രിസ്ത്യൻ അസോസിയേഷൻ, ബുദ്ധിസ്റ്റ് അസോസിയേഷൻ, മെയ്തി ക്രിസ്ത്യൻ ചർച്ചസ് കൗൺസിൽ തുടങ്ങി ഇരുപത് സംഘടനകളുടെ പ്രതിനിധികളാണ് സമാധാന റാലിയിൽ അണിനിരന്നത്.എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മയിലൂടെ മാത്രമേ മണിപ്പൂരിൽ സമാധാനം സാധ്യമാവുകയുള്ളൂ എന്ന് സായിദ്സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.സമാധാനത്തിനുവേണ്ടിയുള്ള ചുവടുവെപ്പാണ് ഈ റാലി. മണിപ്പൂരിന് കേരള ജനതയുടെ ഐക്യദാർഢ്യം ഈ റാലിയിലൂടെ പ്രകടിപ്പിക്കുകയാണ്.- അദ്ദേഹം പറഞ്ഞു.എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മയായ ഇന്റർ ഫെയിത്ത് ഫോറമാണ് സമാധാന റാലി സംഘടിപ്പിച്ചത്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി,നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും റാലിയിൽ പങ്കെടുത്തു.മാസങ്ങളായിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് സങ്കടകരമായ കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
വിവിധ മതങ്ങൾ തമ്മിലും ജനവിഭാഗങ്ങൾ തമ്മിലും സൗഹൃദം നിലനിർത്തുക എന്നത് മുസ്ലിംലീഗിന്റെ അജണ്ടയാണ്. രാജ്യത്ത് എല്ലായിടത്തും ഈ സാഹോദര്യമുണ്ടാകണം എന്നത് കൊണ്ടാണ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് എം.പിമാർ മണിപ്പൂരിലെത്തിയത്.കാർമേഘങ്ങൾക്കിടയിലെ രജതരേഖയാണ് ഈ സമാധാന റാലി- അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ച് സമാധാനത്തിന് നേതൃത്വം നൽകേണ്ടതായിരുന്നു എന്ന് പി .വി അബ്ദുൽവഹാബ് എം.പി പറഞ്ഞു.യു.എസ് പര്യടനത്തിന് ശേഷം പ്രധാനമന്ത്രി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ അത് നടന്നില്ല. വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിച്ച് മണിപ്പൂർ ജനതയെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ ഭരണകൂടം ഇടപെട്ടില്ല.മുമ്പ് കലാപങ്ങളുണ്ടായപ്പോൾ ദിവസങ്ങൾ കൊണ്ട് പരിഹരിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. -അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തോങ്ജു കേന്ദ്ര റിലീഫ് ക്യാമ്പ്, കുമൻ ലബ്ബാക്ക് റിലീഫ് ക്യാമ്പ് എന്നിവിടങ്ങളിൽ മുസ്ലിംലീഗ് നേതാക്കൾ സന്ദർശനം നടത്തിയിരുന്നു.മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും മുസ്ലിംലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി.
![]()
