അനശ്വരമായ ഓർമ്മകൾ സമ്മാനിച്ച് എംടി യാത്രയായി
അഷറഫ് മടിയാരി
അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ചിര പരിചിതമായ രണ്ടക്ഷരം, കഥകളുടെ തമ്പുരാൻ എം ടി വിട പറഞ്ഞു.
നോവലിസ്റ്റ്, കഥാകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ, അധ്യാപകൻ തുടങ്ങി കൈ വെച്ച എല്ലാ മേഖലകളിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച, മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന അധികായനെയാണ് എം ടി യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത്.
MT യുടെ ലളിതമായ ഭാഷയും ഏതു മലയാളിക്കും പരിചിതമായ കഥാ പരിസരവും കഥാ പാത്രങ്ങളും ഒക്കെയായിരിക്കാം മലയാളികള്‍ക്ക് അദ്ദേഹം ഇത്രമേൽ പ്രിയപ്പെട്ടവനാകന് കാരണം.
വായിച്ച കഥകളിലെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് പകർന്ന് അത് അവരുടെ കൂടെ നൊമ്പരമായി മാറുമ്പോൾ ആ കഥയും കഥാപാത്രങ്ങളും കഥാകാരനും വായനക്കാരന്റെ മനസ്സില്‍ വാടാമലരായി എന്നെന്നും നില നില്ക്കുന്നു .
ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ, മഞ്ഞിലെ വിമല, തോണിക്കാരന് ബുദ്ധു, വളർത്തുമൃഗങ്ങളിലെ ജാനമ്മ, നാലുകെട്ടിലെ അപ്പുണ്ണി കാലത്തിലെ സേതു, അസുരവിത്തിലെ ഗോവിന്ദൻ കുട്ടി, കുട്ട്യേടത്തി രണ്ടാമൂഴത്തിലെ ഭീമൻ, അങ്ങിനെ ഒരുപാടൊരുപാട് കഥാപാത്രങ്ങളിലൂടെ മരണമില്ലാത്തവനായി ഇനിയും എം ടി നമുക്കൊപ്പമുണ്ടാവും.
എം ടി ക്ക് പകരം എം ടി മാത്രമേ ഉള്ളൂ. പുസ്തകം വായിക്കുന്നവരുടെയിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആ മഹാനുഭാവൻ്റെ കൃതികൾ കുറച്ചു കൂടി ജനകീയമായത് അദ്ദേഹത്തിന്റെ കഥകൾ തിരക്കഥകളായി മാറിയപ്പോഴാണ്. അൻപത്തി ആറോളം തിരക്കഥകൾ എഴുതി യിട്ടുണ്ട്.
എഴുതിയ കഥകളിലൊക്കെ തന്റെ ആത്മാംശം ഉള്ളത് കൊണ്ടാണ് എന്തുകൊണ്ട് ആത്മ കഥ എഴുതിയില്ല എന്ന ചോദ്യത്തിനു പകരം എന്റെ കഥകള്‍ ഉണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ സ്വന്തം അനുഭവങ്ങളിലുടെയായിരിക്കാം പല കഥാപാത്രങ്ങളും ജനിച്ചത്.
തണുത്ത കാറ്റ് വീശുന്ന ജനാലക്കരികില്‍ തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ കാത്തിരിക്കുന്ന വിമലയും വിജനമായ തടാകക്കരയില്‍ തന്റെ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവും അറിഞ്ഞിരിക്കുമോ എം ടി യുടെ വിയോഗ വാര്‍ത്ത ?
![]()
