നെയ്യാറ്റിന്‍കര: ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി പാറശാള പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മക്ക് (24) വധശിക്ഷ വിധിച്ചു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന് കോടതി.
വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകന് ഷാരോണ്‍ രാജിനെ (23) കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് കാമുകി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന് നായര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ പ്രതിക്ക് ഭാവ വ്യത്യാസമില്ലായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാന്റ് കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാന്‍ സാധിക്കില്ല. കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ലെന്നും വിധിയില്‍ ജഡ്ജി എ.എം ബഷീന് ചൂണ്ടിക്കാട്ടി.
കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയയെ സ്നേഹിച്ചെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചത്. ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചുവരുത്തിയത്. ജൂസില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോണ്‍ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
![]()
