തിരുവനന്തപുരം: ബാലരാമപുരത്ത് അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തിയ സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്ന് പോലിസ്.വയോധികനെ മക്കൾ ചേർന്ന് സമാധി ഇരുത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. ജില്ലാ കളക്ടറുടെ അനുമതി വാങ്ങി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് പൊലീസിന്റെ നീക്കം. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന് എഴുതിയ പോസ്റ്ററുകൾ മക്കൾ പ്രദേശത്ത് പതിപ്പിച്ചപ്പോഴാണ് അയൽവാസികൾ സംഭവമറിഞ്ഞത്.വീടിനു സമീപത്തായി ഗോപൻ സ്വാമി പൂജാദികർമങ്ങൾ നടത്തിവന്നിരുന്നു. ഭാര്യ സുലോചന, മൂത്ത മകൻ സനന്ദൻ എന്നിവരാണ് വീട്ടിൽ ഒപ്പം കഴിഞ്ഞിരുന്നത്. മരിക്കാൻ പോകുകയാണെന്നും തന്നെ ക്ഷേത്രത്തിനു സമീപം സമാധി ഇരുത്തണമെന്നും പിതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമാധിപൂജകൾ നടത്തിയതെന്ന് മകൻ രാജസേനൻ പൊലീസിന് മൊഴി നൽകിയിരുന്നു.
പിതാവിന്റെ ആഗ്രഹ പ്രകാരം അദ്ദേഹം ഇരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടി. മൂടാനുള്ള ഒരുക്കങ്ങൾ മാത്രമാണ് താൻ ചെയ്തത് എന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയിൽ രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപൻ സ്വാമിയുടെ മരണമാണ് ഇത്തരത്തിൽ പുറംലോകം അറിയുന്നത്.
‘ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ എന്ന് മകൻ. ‘സമാധി’ എല്ലാവരെയും അറിയിക്കാൻ പാടുള്ളതല്ലെന്നും, അതിനാൽ ബന്ധുജനങ്ങളിൽ ‘സമാധി’ക്ക് സാക്ഷിയായത് താൻ മാത്രമാണെന്നും മകൻ പറയുന്നു. ഗോപൻ സ്വാമി ചുമട്ടു തൊഴിലാളി കൂടിയായിരുന്നു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകൻ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകൻ.
![]()
