റിയാദ്.
മലയാളത്തിന്റെ ഭാവഗായകൻ അന്തരിച്ച പ്രശസ്ത സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിച്ചു.
അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരമാണ്
പി ജയചന്ദ്രൻ എന്ന മലയാളികളുടെ ജയേട്ടനിലൂടെ സംഗീത ആസ്വാദകർക്കു നഷ്ടമായത് എന്ന് റിംല അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958-ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി 1966-ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി. അതേ വർഷം കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിച്ചു, ഭാവഗായകനെന്ന്. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യമുണ്ടായി. പി.ഭാസ്കരനും വയലാറും മുതൽ പുതിയതലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻതുടിച്ചു.
സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിൻറെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ഇനി ഓർമ്മ.
ഏറെ നേരമെടുക്കുന്ന പല യാത്രകളിലും എല്ലാവർക്കും പലപ്പോഴും കൂട്ടായുണ്ടായിരുന്നത് ആ ശബ്ദമായിരുന്നു. എന്നോ എപ്പോഴോ ഹൃദയത്തിലും കാതുകളിലും കയറിക്കൂടിയതാണ് ആ ശബ്ദം.
മഞ്ഞലയിൽ മുങ്ങിത്തോർത്തി ഒരു ധനുമാസ ചന്ദ്രികയായി വന്ന ഗാനം. സന്ധ്യക്കെന്തിന് സിന്ദൂരവും നീലഗിരിയുടെ സഖികളുമൊക്കെ എത്ര തവണ മാറിമാറി കേട്ടിട്ടുണ്ടെന്ന് ആർക്കും ഓർമ്മയുണ്ടാകില്ല . ദൈവം സ്വർഗ്ഗത്തിൽനിന്ന് നമ്മളിലേക്ക് പറഞ്ഞയച്ച കാവ്യഗന്ധർവ്വനെപ്പോലെ ഒരു ഭാവഗായകൻ ഇത്രനാളും ഈ മണ്ണിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറകൾ പറയും.അതെ
ഒരനുരാഗഗാനം പോലെ ഇപ്പോഴുമുണ്ട് എല്ലാവരുടെയും കാതുകളിൽ ആ നാദവിസ്മയം.
🎵നീലഗിരിയുടെ സഖികളെ..
🎵അറിയാതെ അറിയാതെ..
🎵സ്വയം വര ചന്ദ്രികേ..
🎵നീയൊരു പുഴയായ് തഴുകുമ്പോൾ..
🎵എന്തിനെന്നറിയില്ല..
🎵അഴകേ കൺമണിയേ..
🎵എന്തേ ഇന്നും വന്നില്ല.. 😪😪
🎻നീ ഒരു പുഴയായ് ഒഴുകുമ്പോൾ. ..
🎸ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
🎸കേരനിരകൾ ആടും തുടങ്ങി എത്ര എത്ര അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത ആ ഭാവഗായകൻ ഇനി അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ജനമനസുകളിൽ ജീവിക്കും.
‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴിൽ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിർത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകൾ. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ ‘കലൈമാമണി പുരസ്കാരം’ എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിൻ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വരമാധുരിയിൽ പുറത്തുവന്നു.
1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയത്. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ൽ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ജയചന്ദ്രൻ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡിനും അദ്ദേഹം അർഹനായി. 2021-ൽ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താൾ), മയങ്കിനേൻ സൊല്ല തയങ്കിനേൻ (നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മൻ കോവിൽ കിഴക്കാലെ), താലാട്ടുതേ വാനം (കടൽ മീൻകൾ), കാതൽ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തിൽ മുട്ടമിട്ടാൾ), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതിൽ ചിലതുമാത്രം.
2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ൽ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രൻ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കിൽ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങൾക്കായി ഗാനം ആലപിച്ചു. സിനിമാഗാനങ്ങൾക്ക് പുറമേ ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആൽബത്തിലെ ഗാനങ്ങൾ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴിൽ ദൈവ ദർശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലും പാടി.
നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നിൽക്കുന്നു. ഇടവേളയ്ക്ക് ശേഷം നിറത്തിലെ പ്രായം നമ്മിൽ മോഹം തമ്മിൽ എന്ന ഗാനത്തിലൂടെ തിരിച്ചുവരവ് നടത്തിയതും മികച്ച ഗായകനുള്ള അവാർഡ് നേടിക്കൊണ്ടായിരുന്നു.”
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേർസ് അസോസിയേഷൻറെ കണ്ണീർ പ്രണാമം.
![]()
