ബംഗളുരു: ബംഗളുരുവിലെ ശ്രീ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സാഫ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിൽ കുവൈറ്റിനെ നേരിടാനൊരുങ്ങി ഇന്ത്യ.
ജൂലൈ ഒന്നിന് നടന്ന സെമി ഫൈനലിൽ പെനാലിറ്റി ഷൂട്ടൗട്ടിൽ ലെബനനെ തോൽപ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിനെ തോൽപ്പിച്ച് കുവൈറ്റും ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യ കുവൈറ്റുമായി ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ പിച്ചിലും പുറത്തും സംഭവിച്ചത് കണക്കിലെടുക്കുമ്പോൾ ഒരു ഫൈനൽ എന്നതിലുമപ്പുറം ടൂർണമെന്റിലെ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള കഠിന പോരാട്ടമാകും ഈ കലാശകൊട്ട് പോരാട്ടം.
ഇഗോർ സ്റ്റീമാക്കിന് കീഴിൽ അരദശാബ്ദത്തിനുള്ളിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ ടീമിപ്പോൾ മികച്ച പോരാട്ടമാണ് സാഫ് ചാമ്പ്യൻഷിപ്പിലെ ഓരോ മത്സരത്തിലും കുവൈറ്റ് ടീം കാഴ്ച വച്ചത്. ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സെൽഫ് ഗോൾ വഴങ്ങിയ ഇന്ത്യ കുവൈറ്റിനോട് സമനില വഴങ്ങിയിരുന്നു.
ഇന്ത്യൻ ടീമും മികച്ച ഫോമിലാണ്. സ്വന്തം നാട്ടിൽ മികച്ച അപരാജിത റെക്കോർഡുമായാണ് നിലവിൽ ഇന്ത്യ മുന്നേറുന്നത്. കുവൈത്തിനെതിരായ നിർഭാഗ്യകരമായ സമനിലയ്ക്ക് ശേഷം സെമിയിലേക്ക് കടന്ന ഇന്ത്യൻ ടീം പെനാലിറ്റി ഷൂട്ടൗട്ടിൽ ലെബനനെ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
കഴിഞ്ഞ മാസം ഹീറോ ഇന്റർകോണ്ടിനെന്റൽ കിരീടം നേടിയ ഇന്ത്യക്കിത് തുടർച്ചയായ രണ്ടാം ഫൈനലാണ്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ പുരുഷ ലോക റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം നൂറ്റിയൊന്നിൽനിന്ന് നൂറിലേക്ക് ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ ടീം ഇതാദ്യമായാണ് ആദ്യ നൂറ് റാങ്കിങ്ങിൽ എത്തുന്നത്. ഏപ്രിലിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നൂറ്റിയൊന്നാം സ്ഥാനത്തെത്തിയിരുന്നു.
ജൂണിൽ ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക് ആദ്യ നൂറിലേക്ക് കടക്കാനുതകുന്ന നാലര പോയിന്റുകൾ നേടാനായതാണ് റാങ്കിങ്ങിലെ ഉയർച്ചക്ക് കാരണം.
2022 സെപ്റ്റംബറിൽ വിയറ്റ്നാമിനോട് തോൽവി വഴങ്ങിയതിനു ശേഷമുള്ള ഒമ്പത് കളികളിൽ, തുടർച്ചയായി എട്ട് ക്ലീൻ ഷീറ്റുകൾ നേടിയ ഇന്ത്യ 15 ഗോളുകളും നേടി. ഇന്ത്യൻ ഫുട്ബോൾ ടീം ചരിത്രത്തിലെ ഒരു പുതിയ ദേശീയ റെക്കോർഡായിരുന്നു അത്.
![]()
