ദോഹ: ആദർശ ബന്ധിതമായ പ്രവർത്തനവും ദർശനങ്ങളുടെ പിൻബലം ഉള്ള പ്രസ്ഥാനങ്ങളാണ് എന്നും നിലനിന്നിട്ടുള്ളതെന്നും അഭിമാനകരമായ നിലനിൽപ്പിന് വേണ്ടി ആദർശ ജീവിതവും വ്യക്തിത്വവും കാത്ത് സൂക്ഷിക്കാൻ നമുക്ക് സാധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ പത്ര പ്രവർത്തകനുമായ സി.പി. സൈദലവി അഭിപ്രായപ്പെട്ടു. ‘ഉത്തമ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ച് കെ.എം.സി.സിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്കാരിക അധിനിവേശങ്ങളെയും, അപരവൽക്കരണങ്ങളെയും മൂല്യാധിഷ്ഠിത രാഷ്ട്രീയം കൊണ്ടും മിത നിലപാടുകൊണ്ടും അടിയുറച്ച ആത്മവിശ്വാസം കൊണ്ടും ചെറുക്കാൻ നമുക്ക് സാധിക്കണം. തീവ്ര നിലപാടുകൾ കൊണ്ടുള്ള പ്രതിരോധം ഭൂഷണമല്ല. ചരിത്രത്തിൽ ഒരിടത്തും ഇതിന് വിജയവും ഉണ്ടായിട്ടില്ല. ജനാധിപത്യ വഴിയിൽ പ്രതിരോധം തീർക്കുക എന്നതാണ് ശരിയായ പരിഹാരം. ന്യൂനപക്ഷ അവകാശങ്ങളെ സംശയ മുനയിൽ നിർത്തി അപരവൽക്കരിക്കുന്ന കാലമാണിത്. സാമൂഹ്യ മാധ്യമങ്ങൾ വഴി ഫാഷിസ്റ്റുകൾ അത്തരം പ്രചാരണങ്ങൾ നിർവഹിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഫാഷിസ്റ്റ് പ്രേമോട്ടിംഗ് ഏജൻസികൾ പോലെ പ്രവർത്തിച്ച് അപകടം വിതക്കുന്നതും തിരിച്ചറിയേണ്ടതുണ്ട്. ഒരിടത്തിലും അഭിമാനം പണയപ്പെടുത്തരുതെന്ന് നമ്മെ സി.എച്ഛ് മുഹമ്മദ് കോയ അടക്കമുള്ള മുൻകാല നേതാക്കൾ നിരന്തരം ഉൽബോധിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉപദേശക സമിതി ഉപാധ്യക്ഷൻ അബ്ദു നാസർ നാച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു. പി.വി മുഹമ്മദ് മൗലവി ഖിറാഅത്ത് നിർവഹിച്ചു. ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അൻവർ ബാബു, ടി.ടി.കെ ബഷീർ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി തളങ്കര, സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മുറയൂർ, താഹിർ താഹ കുട്ടി, വി.ടി.എം സാദിഖ്, സമീർ മുഹമ്മദ്, ശംസുദ്ധീൻ വാണിമേൽ നേതൃത്വം നൽകി.
![]()
