റിയാസ് വണ്ടൂർ
റിയാദ് : “നമ്മുടെ മുന്നണി പോരാളിയായിരുന്ന കായംകുളം സ്വദേശി മിറാഷ് മൻസൂർ നമ്മോട് വിടപറഞ്ഞിട്ട് സെപ്റ്റംബർ 28 ശനിയാഴ്ച 4 വർഷം തികയുന്നു, ശനിയാഴ്ച പ്രവർത്തി ദിവസമായതിനാൽ 27ന് വെള്ളി വൈകീട്ട് 4:30 ന് പ്രിയ സഹോദരൻ അന്തിയുറങ്ങുന്ന നസീം മഖ്ബറയിൽ പ്രാർത്ഥനക്കായി പോകുന്നുണ്ട്. വരുന്നവർ കൃത്യസമയത്ത് അവിടെ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു”
റിയാദ് ടാക്കീസ് എന്ന സൗഹൃദ കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നാല് ആണ്ടായി സെപ്റ്റംബർ അവസാനം വരുന്ന ഒരു സന്ദേശമാണിത്. ജാതിക്കും മതത്തിനുമപ്പുറം കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾക്കിടയിൽ നിന്ന് അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ വിയോഗത്തെ തുടർന്ന് ഓരോ വർഷത്തിലും പ്രാർത്ഥനക്കായി
മിറാഷിന്റെ മഖ്ബറയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള സന്ദേശം. യാത്ര പോലും പറയാതെ പിരിഞ്ഞ പ്രിയ സഹോദരന്റെ ഓർമ്മകൾക്ക് മുന്നിൽ റിയാദ് ടാക്കിസ് എന്ന കൂട്ടായ്മയുടെ കണ്ണീരിൽ കുതിർന്ന പ്രണാമം. നാല് ആണ്ട് പിന്നിടുമ്പോഴും മുടക്കം വരാതെ അത് തുടർന്ന് കൊണ്ടിരിക്കുന്നു.

കായംകുളം സ്വദേശി ഇഞ്ചക്കൽ മൻസൂറിന്റെ മകൻ മിറാഷ് സൗദി കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിൽ ജോലി ചെയ്ത് വരുന്ന തിനിടയിലാണ് തന്റെ 38ാം വയസ്സിൽ ഹൃദയാഘാതം സംഭവിച്ച് റിയാദിൽ മരണപ്പെട്ടത്. റിയാദിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യ മായിരുന്നു മിറാഷ്. കോവിഡ് മഹാമാരി കൊടുംബിരി കൊണ്ട് നിന്ന കാലത്ത് 24 മണിക്കൂർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്ത് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ജോലിയുടെ ഭാഗമായി കിട്ടിയ പാസ്സുപയോഗിച്ച് പുറത്തിറങ്ങി ജോലിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങളും, അസുഖം പിടിപെട്ടവർക്ക് മരുന്നെത്തിക്കാനും മാസങ്ങളോളം രാവെന്നോ പകലെന്നോ ഇല്ലാതെസഹായമെത്തിക്കാൻ മുന്നിലുണ്ടായിരുന്ന ഒരാളായിരുന്നു മിറാഷ്. മരുന്നും ഭക്ഷണവുമൊക്കെ ഒരിക്കലെത്തിച്ചാൽ കൃത്യമായ ഇടവേളകളിൽ വീണ്ടും അവരുടെ ക്ഷേമം അന്വേഷിച്ച് അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുന്നതിൽ മിറാഷ് കാട്ടിയ ജാഗ്രത സഹജീവി കളോടുള്ള അദ്ദേഹത്തി ന്റെ കരുതലയായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സൗഹൃദ വലയങ്ങൾ ഏറെ വലുതായിരുന്നു റിയാദിൽ.
രണ്ട് ദിവസം മുൻപ് വന്ന വാട്സ് ആപ്പ് മെസ്സേജിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച 4. 30 ഓടെ റിയാദ് ടാക്കീസിലെ ചങ്ക് സൗഹൃദങ്ങളും നാട്ടുകാരായ ചിലരും റിയാദിലെ നസീം മഖ്ബറയിലെ 104ാം നിരയിൽ 19മതാമനായി അന്ത്യവിശ്രമം കൊള്ളുന്ന മിറാഷിന്റെയടുത്തെത്തി. അവിടെ പ്രാർത്ഥനകൾ നടത്തി. അങ്ങനെ മരിക്കാത്ത നല്ല ഓർമകളുമായി നീ ഞങ്ങളിൽ എന്നും ജീവിക്കുന്നു എന്ന ഓർമ്മ കൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു.

സൗഹൃദങ്ങൾ നൽകുന്ന സ്നേഹവും കരുതലും മരണപ്പെടുന്നത് വരെയെല്ല മരിച്ച് കഴിഞ്ഞാലും അത് തുടരുന്നതാണെന്നോർമ്മപ്പെടുത്തുകയാണ് മിറാഷിന്റെ റിയാദിലെ സൗഹൃദ കൂട്ടായ്മയിലെ സുഹൃത്തുക്കള്.
![]()
