ദുബൈ :യു എ ഇ യിൽ പൊതുമാപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ
നാലായിരം അപേക്ഷകരിൽ നിന്ന്
500 പേർക്ക് ഫൈനൽ എക്സിറ്റും പുതുതായി ജോലി ലഭിച്ച 600 പേർക്ക്
താത്കാലിക പാസ്പോർട്ടും നൽകിയതായി ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ അറിയിച്ചു.
വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി താമസം നിയമപരമാക്കാനുമുള്ള അവസരമാണ് അധികൃതർ നൽകിവരുന്നത്. യുഎഇ സർക്കാർ ഈ മാസം ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്ന പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കും.
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും രാജ്യത്തെങ്ങുമുള്ള 86 ആമർ സെന്ററുകളിലും പ്രവാസികൾക്ക് സേവനത്തിനായി സമീപിക്കാം. ഇന്ത്യൻ പ്രവാസികൾ ബർദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെത്തിയാൽ അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനം സൗജന്യമായി ലഭിക്കും. പൊതുമാപ്പ് ആവശ്യവുമായി കോൺസുലേറ്റിലെത്തുന്ന ഇന്ത്യക്കാരിൽ നിന്ന് സർക്കാർ ഫീസുകളല്ലാതെ കോൺസുലേറ്റ് മറ്റ് യാതൊരു ഫീസും ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.
![]()
