കൊച്ചി : ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട് പുറത്ത് വന്നതിന് പിന്നാലെ വാർത്ത സംമ്മേളനത്തിൽ തുറന്നടിച്ചു കൊണ്ട് നടൻ പൃഥിരാജ് രംഗത്ത് വന്നു.
‘അമ്മയ്ക്ക്’ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടന്നും കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.കൊച്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ് ഫോർക്ക കൊച്ചിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
അന്വേഷണത്തിനൊടുവിൽ ആരോപണങ്ങൾ കള്ളമാണെന്ന് ബോധ്യപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകൾ പുറത്തുവിടാൻ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ല എന്ന അദ്ദേഹം പറഞ്ഞു.
കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാൾ ഞാൻ ആണ്. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്.
സിനിമയിലെ തൊഴിൽ നിഷേധത്തിൽ നടപടി വേണം. പാർവതിക്ക് മുൻപേ തൊഴിൽ നിഷേധത്തിന് ഇരയായ വ്യക്തിയാണ് താൻ. അമ്മയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യം വേണം. പവർ ഗ്രൂപ്പ് ഇല്ലെന്നു പറയാനാവില്ലെന്നും, ഉണ്ടെങ്കിൽ അതില്ലാതാവണം എന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
![]()
