സുൽഫി ഓയൂർ
അമ്മതൻ മാറിൽനിന്നാദ്യം ചുരന്നൊരാ
പാലിന്റെ ശുദ്ധി നീയെടുത്തുകൊൾക
ആദ്യമായെൻ നാവിൻതുമ്പത്തായിറ്റിച്ച
തേനിന്റെ മാധുര്യമെടുത്തുകൊൾക.
നടക്കുവാൻ പഠിക്കുന്ന കാലത്ത് കിട്ടിയ
മുറിപാടുകൾ നീയെടുത്തു കൊൾക
മുനയുള്ള പെൻസിൽകൊണ്ടാദ്യം കുറിച്ച
അക്ഷരക്കൂട്ടവും പകുത്തുകൊൾക.
ആനയും,കടലും ഞാനാദ്യമായി കണ്ടപ്പോൾ
ഉണ്ടായ കൗതുകം എടുത്തുകൊൾക
ആരോരുമറിയാതെ പുസ്തകത്താളിലായി
ഒളിപ്പിച്ചുവച്ചൊരാ..
മയിൽപ്പീലിയും നീ പകുത്തുകൊൾക.
ആദ്യമായ് പ്രണയിച്ച തോഴിതൻ മിഴിയിലെ
നീലിമയും നീ പകുത്തുകൊൾക..!
ഞാൻ കണ്ട സ്വപ്നങ്ങൾ..
വേർപെട്ട നോവുകൾ…
വഴി പിരിയുമോർമ്മകൾ..
നിഴലും, നിലാവും..
എന്റെ ഗദ്ഗദങ്ങളും..
എന്നെയും നീ പകുത്തുകൊൾക!
![]()
