അബുദാബി :അബുദാബിയിലെ ഒരു സ്ട്രീറ്റ് ഇനി മുതൽ ഒരു മലയാളിയുടെ,
പത്തനംതിട്ട തുമ്പമൺ സ്വദേശിയുടെ പേരിൽ അറിയപ്പെടും. വർഷങ്ങളായി യു എഇ യിൽ ആരോഗ്യ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. ജോർജ് മാത്യുവിനാണ് യുഎഇ ഈ അപൂർവ്വ ബഹുമതി നൽകിയത്. അബുദാബി മഫ്റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും സ്ട്രീറ്റുമാണ് ഇനിമുതൽ ‘ഡോ. ജോർജ് മാത്യു സ്ട്രീറ്റ്’ എന്ന് അറിയപ്പെടുക.
ഡോക്ടർ ജോർജ്ജ് യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് മുതൽ അബുദാബിയിലെ പല രാജകുടുംബാംഗങ്ങൾക്കുമൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. അൽഐനിൽ സേനവമനുഷ്ഠിക്കുന്ന ജോർജ്ജ് രാജ്യത്തിന്റെ ആരോഗ്യമേഖലക്ക് നൽകിയ സംഭാവനകൾ കണക്കിലെടുക്കാണ് അദ്ദേഹത്തിന് വേറിട്ട ആദരം നൽകാൻ തീരുമാനിച്ചതും ഒരു തെരുവിന് അദ്ദേഹത്തിന്റെ പേര് നൽകിയതും.
1967-ൽ 26-ാം വയസിൽ യുഎഇയിൽ എത്തിയ ഡോ. ജോർജ് മാത്യു അൽഐനിലെ ആദ്യത്തെ സർക്കാർ ഡോക്ടർമാരിലൊരാളാണ്. അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നേരത്തേ യുഎഇ സമ്പൂർണ പൗരത്വവും അബുദാബി അവാർഡും നൽകിയിരുന്നു. അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, ഹെൽത്ത് അതോറിറ്റി കൺസൾട്ടൻ്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം നിലവിൽ പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൽ പ്രവർത്തിച്ചുവരികയാണ്.
![]()
