തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായെന്നും ജനങ്ങളുടെ മനസ് അറിയുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പെന്ഷന് അടക്കമുള്ളവയില്‍ അനുകൂല്യം കൃത്യതയോടെ നല്‍കാനായില്ല. ആ പ്രശ്നം വോട്ടില്‍ പ്രതിഫലിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും മുസ്ലീം ലീഗിനുമൊപ്പം മുന്നണിയെപ്പോലെ പ്രവര്‍ത്തിച്ചു. ഇത് എല്‍ഡിഎഫിന് തിരിച്ചടിയായിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. മതനിരപേക്ഷതക്ക് പകരം ജാതിബോധവും വര്‍ഗീയ ധ്രൂവീകരണവുമുണ്ടാക്കി. വിവിധ ജാതീയ സംഘടനകള്‍ പല കാരണങ്ങള്‍ കൊണ്ട് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്പ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈഴവരിലെ ഒരു വിഭാഗം വര്‍ഗീയതയിലേക്ക് നീങ്ങുകയാണെന്നും അവര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ക്രൈസ്തവരിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ ബിജെപിയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു.
ദേശീയ തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിന് ആവില്ലല്ലോ.അതിനുള്ള സാദ്ധ്യത കോണ്ഗ്രസിനാണല്ലോ എന്ന തോന്നല്‍ മതനിരപേക്ഷ സമൂഹത്തില്‍ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത് കാര്യമായി തിരഞ്ഞെടുപ്പിനെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനമെന്നും നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![]()
