ഷാർജ :ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഷാർജ ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം വെള്ളിയാഴ്ച
ഉച്ചയ്ക്ക് മൂന്നിന് നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ലഭിക്കുകയും ചെയ്യും.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും അസോസിയേഷൻ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും. ഷാർജയിലെയും വിവിധ വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇത്തരത്തിലുള്ള ഫോറങ്ങൾ ഉപകരിക്കുമെന്നും ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു.
തൊഴിലാളികൾ കമ്പനി ഉടമകളിൽ നിന്നും നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും, പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ നേരിടുന്ന കാലതാമസം, അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നടപടിക്രമങ്ങളും എന്നിവ സംബന്ധിച്ചുള്ള ചർച്ചയായിരുന്നു കഴിഞ്ഞ മാസങ്ങളിലെ ഓപൺ ഫോറങ്ങളിൽ നടന്നത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ പ്രവാസികൾ.
![]()
