റിയാദ്- ട്രാഫിക് പിഴകള്‍ അടക്കാതെ മുടങ്ങി കിടക്കുന്നവർക്ക് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും കാരുണ്യം. പിഴ സംഖ്യയുടെ അമ്പത് ശതമാനം അടച്ച് പിഴകളില്‍ നിന്ന് ഒഴിവാകാമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2024 ഏപ്രില്‍ 18 ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
വ്യവസ്ഥ നടപ്പാക്കിയത് മുതല്‍ ആറു മാസത്തിനുള്ളില്‍ പിഴ അടച്ചുതീര്‍ക്കുകയാണെങ്കില്‍ മാത്രമെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകൂ. ഒന്നിച്ചോ പ്രത്യേകമായോ പിഴകള്‍ അടക്കാനുള്ള സൗകര്യമുണ്ടാകും. ട്രാഫിക് നിയമം 75 ഖണ്ഡിക പ്രകാരമാണ് നടപടി.
എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകളാണ് ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കമുളള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കിലോമീറ്ററിനപ്പുറം അധിക വേഗതയില്‍ വാഹനമോടിക്കല്‍, 140 കിലോമീറ്റര്‍ നിശ്ചയിച്ച റോഡില്‍ 30 കിലോമീറ്റര്‍ അധികവേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ ആനുകൂല്യ പരിധിയില്‍ വരില്ല.
![]()
