റിയാദ്: സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്ന സൗദി അറേബ്യയില്‍ പൗരന്മാര്ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 7.7 ശതമാനത്തിലെത്തി.
സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറയാനുള്ള കാരണം. സ്വകാര്യ മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്കിയതും സ്വദേശിവത്കരണത്തിന് പുറമേ സ്വദേശി വനിതാവത്കരണം നടപ്പാക്കിയതുമാണ് റെക്കോഡ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് സൗദി വിഷന്‍ 2030 പദ്ധതികളിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. 2030ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലെത്തിക്കുകയെന്നതാണ് സൗദിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ആറ് വര്‍ഷം കൂടി ബാക്കിനില്‍ക്കെ 7.7 ശതമാനത്തിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ആരംഭിച്ച സ്വദേശിവത്കരണം ഇപ്പോഴും ഘട്ടംഘട്ടമായി തുടരുകയാണ്. 25% എന്‍ജിനീയറിങ് പ്രൊഫഷനുകള്‍ വരുന്ന ജൂലൈ 21 മുതല്‍ സ്വദേശിവത്കരിക്കും. കണ്‍സള്‍ട്ടിങ് ജോലികളില്‍ 40% സൗദിവത്കരണം കഴിഞ്ഞ തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ദന്ത മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണം ഈ മാസം 11നും നിലവില്‍ വന്നു.
![]()
