സുലൈമാൻ വിഴിഞ്ഞം
കണ്ണെത്താദൂരം നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമിയിൽ ഒറ്റപെട്ടു ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം കഴിയുന്ന മനുഷ്യരെ അല്ല കൂടപ്പിറപ്പുകളെ തേടി ഇവർ കാരുണ്യ കിറ്റുകളുമായി മരുഭൂമി താണ്ടാൻ തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടായി. മാനത്തു റമദാനെ സ്വാഗതം ചെയ്യുന്ന പിറ കണ്ടാൽ ഇവരുടെ ഹൃദയങ്ങളിൽ ഇരട്ടി സന്തോഷമാണ്. ഒന്ന് പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ കർമ്മങ്ങൾ കൊണ്ട് ധന്യമാകാനുള്ള സന്തോഷം. മറ്റൊന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന സഹോദരങ്ങൾക്കായി സ്നേഹ കിറ്റുകൾ എത്തിക്കാൻ തുടങ്ങുന്നതിലുള്ള സന്തോഷം.
സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ ഒരുപറ്റം കരുണയുള്ള മനുഷ്യരുടെ കൂട്ടായ്മയാണ് പി.എം.എഫ് അഥവ പ്രവാസി മലയാളി ഫൗണ്ടേഷൻ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇവർ മരുഭൂമിയിലെ കൂടെപ്പിറപ്പുകളെ ചേർത്ത് പിടിക്കുന്നു. റമദാൻ ആകുന്നതോടെ പഴവര്ഗങ്ങളും ഭക്ഷണത്തിനുള്ള സകല സാമഗ്രഹികളുമായി ഇവർ മരുഭൂമികൾ കയറാൻ തുടങ്ങും.

മൺകൂനകൾക്ക് അകലെ വര്ഷങ്ങളായി ഒറ്റപെട്ടു ഭാഷയും ദേശവും നാടും മറന്നു എന്തിനു ഏതു ദിവസമെന്നുപോലും തിരിച്ചറിയാനാകാതെ കഴിയുന്ന ലോകത്തിന്റെ ഏതോ കോണിൽ നിന്ന് വന്ന സഹോദരങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യാൻ. ഒഴിവു സമയങ്ങളിൽ റൂമുകളിൽ ഒത്തുകൂടി തയ്യാറാക്കിയ കിറ്റുകളുമായി വലിയ വാഹനങ്ങളിൽ ഇവർ മരുഭൂമിയിൽ വീശിയടിക്കുന്ന മരംകോച്ചുന്ന കാറ്റിനെ വകഞ്ഞുമാറ്റി പായും. ജീവിത്തൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി കാണുമോ എന്ന് ഉറപ്പില്ലാത്ത കൂടപ്പിറപ്പുകൾക്ക് നോമ്പ് തുറക്കാനുള്ള സ്നേഹകിറ്റുകളുമായി. വിതരണത്തിനപ്പുറം അവർക്കൊപ്പമിരുന്നു കുശലം പറഞ്ഞും ഇടമുറിയാതെ സംസാരിച്ചും വിശേഷങ്ങൾ തിരക്കിയും നാട്ടിലെ ഉറ്റവരെ വീഡിയോ കാൾ ചെയ്തു കൊടുത്തും സമയം ചെലവഴിക്കും.

ഈ സ്നേഹ കിറ്റുകൾ കാത്തിരിക്കുന്നവരും ഉണ്ട് മരുഭൂമിയിൽ. ഒടുവിൽ ആകാശത്തേക്ക് ഉയരുന്ന പ്രാർത്ഥനാപൂർവ്വമായ കരങ്ങളും നിറകണ്ണുകളും കണ്ട് നിറ ഹൃദയത്തോടെ പി.എം.എഫ്കാരുടെ വാഹനം മൺകൂനകൾ താണ്ടി മറ്റൊരിടത്തേക്ക് പായും.

![]()
