സുലൈമാൻ വിഴിഞ്ഞം
റിയാദ്: മനുഷ്യർക്കിടയിൽ അതിർ വരമ്പുകൾ തീർക്കുന്ന ഈ കാലത്തും സ്നേഹമുട്ടുകയാണ് പ്രവാസലോകം. ജാതിയും മതവും വർണ്ണവും വർഗ്ഗവും ഇവിടെ പടിക്കുപുറത്താണ്. മനുഷ്യരെന്ന തിരിച്ചറിവും കൂടെപ്പിറപ്പെന്ന ഹൃദയ വിശാലതയും മാത്രം. സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും പ്രവാസ സംഘടനകൾ സ്നേഹ നോമ്പ് തുറകൾക്ക് സുപ്ര അഥവാ പരവതാനി വിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ സംഘടനകൾ ഇവക്ക് ചുക്കാൻ പിടിക്കുന്നു. ഈ സുപ്രകളിൽ തുറക്കപ്പെടുന്നത് നോമ്പ് മാത്രമല്ല. ആരൊക്കെയോ കൊട്ടി അടക്കാൻ ശ്രമിക്കുന്ന ഹൃദയ ബന്ധങ്ങൾ കൂടിയാണ്. ആഴ്ചകൾക്ക് മുൻപ് തന്നെ നോമ്പ് തുറകൾക്ക് പ്രിയപെട്ടവരെ ക്ഷണിച്ചും വിഭവങ്ങൾ സ്വരൂപിച്ചും ഇവർ നോമ്പ് തുറകൾക്ക് ഒരുങ്ങും. നിശ്ചയിച്ച ദിവസം രാവിലെ മുതൽ ഇസ്തിറാഹകളിൽ ഇവർ ഒത്തുകൂടും. പഴവര്ഗങ്ങൾ കട്ട് ചെയ്തും നോമ്പ് പിടിച്ചു ക്ഷീണിച്ച കൂടെപ്പിറപ്പുകളുടെ ക്ഷീണമകറ്റാൻ നോമ്പ് കഞ്ഞി പാകം ചെയ്തും ഭക്ഷണം വിളമ്പിയും ഇവർ മഗ്രിബിന്റെ ബാങ്കൊലി കാതോര്തിരിക്കും. പള്ളി മിനാരങ്ങളിൽ നിന്ന് ബാങ്കൊലി മുഴങ്ങുന്നതോടെ റഹീമിനും അബ്ദുൽ റഷീദിനും ഒപ്പം ഷൈജുവും റിജോഷും എൽദോയും ഹരിയുമൊക്കെ നോമ്പ് തുറക്കും. ഇവർക്കിടയിൽ ആരൊക്കെയോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അതിർ വരമ്പുകൾ ഇല്ല. തന്റെ പ്രിയപെട്ടവരെ നോമ്പ് തുറപ്പിച്ചും തറാവീഹ് നമസ്കാരങ്ങൾക്ക് പള്ളിവരെ ഒപ്പം കൂടിയും പ്രവാസ ലോകം സ്നേഹം പരസ്പരം കൈമാറ്റം ചെയ്തു മുന്നേറും. കണ്ണുള്ളവർക്ക് കാണാനും ചെവികൾ തുറന്നു പിടിച്ചവർക്ക് കേൾക്കാനും ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാനും പാകത്തിൽ.
![]()
