ദോഹ : ചരിത്രം ആഴത്തിൽ പഠിച്ചതിനു ശേഷം മാത്രമേ ചരിത്രത്തെ കുറിച്ച് എഴുതാവൂ എന്നും വ്യാഖ്യാനങ്ങൾ ചമയ്ക്കാനും മുതിരാവൂവെന്നും പ്രശസ്ത ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്നീ വിഖ്യാത ഗ്രന്ഥങ്ങളുടെ കർത്താവുമായ പി ഹരീന്ദ്രനാഥ് പറഞ്ഞു. ഖത്തർ ഇന്ത്യൻ ഫോറം തുമാമ വൈബ്രൻറ് ഹാളിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 200ലധികം ഗ്രന്ഥങ്ങൾ ഗാന്ധിജിയെ കുറിച്ച് വായിച്ചുതീർത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന അവാർഡ്ഗ്രന്ഥം ബ്രിട്ടീഷ് ഭരണകാലത്തിന് 500 വർഷം മുമ്പുള്ള ഇന്ത്യയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ്. വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയത് ഉൾപ്പെടെ വിഷയങ്ങളിൽ തൻറെതായ സവിശേഷങ്ങളായ നിരീക്ഷണങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നുണ്ടെന്ന് പുസ്തകപരിചയം നടത്തിയ എഴുത്തുകാരൻ സുബൈർ വെള്ളിയോട് പറഞ്ഞു. തുടർന്ന് തന്റെ പുതിയ പുസ്തകമായ ‘മഹാത്മാഗാന്ധി കാലവും കർമ്മപഥവും’ എന്ന ഖത്തറിലെ ഇന്ത്യക്കാരായ എഴുത്തുകാരുടെ മുമ്പാകെ ഹരീന്ദ്രനാഥ് വിശദീകരിച്ചു. ഓതേഴ്സ് ഫോറം വൈസ്പ്രസിഡൻറ് ശ്രീകലാ ഗോപിനാഥ് അദ്ദേഹത്തിന് ഫോറത്തിൻറെ സ്നേഹോപഹാരം സമ്മാനിച്ചു. ഫോറം ജനറൽസെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ശ്രീകലാ ഗോപിനാഥ് അധ്യക്ഷയായിരുന്നു. ട്രഷറർ അൻസാർ അരിമ്പ്ര, സെക്രട്ടറി ഷാഫി പി സി പാലം, അബ്ദുൽസലാം മാട്ടുമ്മൽ, ഷംല ജാഫർ, റാം മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
