റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കേളി ദിനം’ ‘റിയാദ് ജീനിയസ് 2024’ (ഗ്രാൻഡ്മാസ്റ്റർ ഷോ വിത്ത് മ്യൂസിക്കൽ നൈറ്റ്) എന്ന പേരിൽ ഏപ്രിൽ 19 ന് റിയാദിലെ പ്രവാസികൾക്കായി മെഗാ ഷോ
സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.”റിയാദ് ജീനിയസ് 2024 “പോസ്റ്റർ പ്രകാശനം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വെച്ച് നിർവ്വഹിച്ചു.
കേളി ദിനം ഈ വർഷം രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ കോർത്തിണക്കി ഫെബ്രുവരി രണ്ടിന് ഷിഫയിൽ അരങ്ങേറിയിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ ദേശാഭിമാനി വാരികാ പത്രാധിപർ ഡോക്ടർ കെ പി മോഹനൻ പങ്കെടുത്തു.
രണ്ടാം ഭാഗം പൊതുജനങ്ങൾക്കായി നാട്ടിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയാണ് നടത്തുന്നത്.
കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയായി വീണ്ടും ഒരു ചരിത്രം കൂടി രചിക്കാൻ കേളി ഒരുങ്ങുന്നു. സൗജന്യ പാസ് നൽകി പതിനായിരക്കണക്കിന് പ്രവാസികൾക്കായി നടത്തിയ ‘മെഗാഷോ വിത്ത് റിമിടോമി’ 2023ൽ വൻ വിജയമാക്കാൻ കേളിക്ക് കഴിഞ്ഞു. 2024ൽ ഒരുക്കുന്ന വ്യത്യസ്തമായ മറ്റൊരു മെഗാ ഷോയാണ് ‘റിയാദ് ജീനിയസ് 2024’. വിനോദവും വിജ്ഞാനവും ഒന്നിച്ച് നൽകുന്ന ഈ പരിപാടി പ്രവാസികൾക്ക് പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമാകും.
റിവേഴ്സ് ക്വിസ് മാസ്റ്ററായി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പ്രവേശിച്ച ഒരേയൊരു ഗ്രാൻമാസ്റ്റർ ‘ജിഎസ് പ്രദീപാണ്’ ഷോ നയിക്കുന്നത്. ഒപ്പം ആൽബം ഗാനങ്ങളിലും മാപ്പിളപ്പാട്ടുകളിലും മറ്റ് ഗാനങ്ങളിലും പാടി ശബ്ദം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ചലച്ചിത്ര പിന്നണി ഗായകനും നിർമ്മാതാവുമായ അൻവർ സാദത്തും, പിന്നണി ഗായികയും വയലിനിസ്റ്റും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, റിയാദിലെ അറിയപെടുന്ന ഡാൻസ് സ്കൂളുകളിലെ കലാകാരന്മാരുടെ കലാ പ്രകടങ്ങളും, കൂടാതെ കേളി കുടുംബവേദി പ്രവർത്തകർ പൊതു സമൂഹത്തെയും അണിനിരത്തി നടത്തുന്ന മെഗാ തിരുവാതിരയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
2024 ഏപ്രിൽ 19 ന് റിയാദിലെ മലാസ് ലുലു റൂഫ് അരീനയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിക്കായി സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള എൻറ്റർറ്റേൻമൻറ്റ്
അതോറിറ്റിയുടെ അനുമതി പത്രം ലഭിച്ചെന്നും തികച്ചും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 23 വർഷമായി റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കേളി’ റിയാദിലെ മലയാളി സംഘടനകളുടെ അജണ്ട നിശ്ചയിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചു വരുന്നത്. സംഘടനാ പ്രവർത്തനം പ്രവാസികളുടെ ഉന്നമനത്തിനായി എങ്ങിനെ വിനിയോഗിക്കാം എന്നതിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നാളിതുവരെയുള്ള ഓരോ പ്രവർത്തനങ്ങളിലും കേളി കാഴ്ചവെച്ചിട്ടുള്ളത്. തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് 2001ൽ കേളി റിയാദിൽ പ്രവർത്തനം ആരംഭിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകികൊണ്ട് തുടങ്ങിയ പ്രവർത്തനം പിന്നീട് കലാ കായിക സാംസ്കാരിക മാധ്യമ നവമാധ്യമ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. സൗദിയുടെ മണ്ണിൽ അസാധ്യം എന്ന് കരുതിയിരുന്ന സർവ്വ മേഖലകളിലും കേളി തങ്ങളുടേതായ ഇടം അടയാള പെടുത്തി. 2014 ൽ ആദ്യമായി തുറന്ന വേദിയിൽ സ്കൂൾ യുവജനോത്സവം നടത്തി കേളി ചരിത്രം കുറിച്ചു. ബത്തയുടെ ഹൃദയഭാഗത്ത് നടത്തിയ 8 വോളിബോൾ ടൂർണമെന്റുകൾ ഇന്നും ചരിത്രമായി അവശേഷിക്കുന്നു. ഇന്റർ നാഷണൽ ബ്രാന്റുകളെ വരെ മുഖ്യ പ്രായോജകരാക്കി കൊണ്ട് നടത്തിയ ഒന്നിനൊന്ന് മെച്ചത്തിൽ 10 ഫുട്ബോൾ ടൂർണ്ണമെന്റുകൾ, 1000ത്തിൽ പരം ആളുകളെ അണിനിരത്തി മെഗാ രക്തദാന ക്യാമ്പ്, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടൂർണമെന്റ്, ഒരേ സമയം അയ്യായിരത്തോളം പേർക്ക് ഓണസദ്യയും മുവ്വായിരത്തോളം പേർക്ക് ഇഫ്താർ വിരുന്നും, ഒരുലക്ഷം പേർക്ക് പൊതിച്ചോർ, നവമാധ്യമ രംഗത്ത് ഇടതടവില്ലാതെ തുടർച്ചയായി 9 വർഷം നീളുന്ന മുഖപ്രസംഗ വായന ഇതിനെല്ലാം പുറമേ എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങീ നിരവധി ചരിത്രങ്ങൾ റിയാദിന്റെ മണ്ണിൽ കുറിക്കാൻ കേളിക്കായാതായി ഭാരവാഹികൾ എടുത്തു പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ രക്ഷധികാരി സെക്രട്ടറി കെ പി എം സാദിഖ്,പ്രസിഡന്റ് സെബിൻ ഇഖ്ബാൽ,സെക്രട്ടറി സുരേഷ് കണ്ണപുരം, ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ,
കൺവീനർ മധു ബാലുശ്ശേരി, ആക്ടിങ് ചെയർമാൻ റഫീഖ് പാലത്ത് എന്നിവർ പങ്കെടുത്തു.
![]()
