മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് സലീം അഹമ്മദ് ആണ് 35 വര്ഷം നീണ്ടു നിന്ന പ്രവാസ അനുഭവങ്ങൾ പങ്കുവെച്ചത്. ഗൾഫ് എന്ന സ്വപ്നവും പേറി 35 വർഷങ്ങൾക്ക് മുൻപ് മലപ്പുറം പുളിക്കലിൽ നിന്ന് മുംബൈയിലേക്ക് കള്ളവണ്ടി കയറിയതാണ് മുഹമ്മദ് സലീം. മുംബൈയിലെത്തി തന്നെക്കൊണ്ട് കഴിയുന്ന ജോലികളൊക്കെ ചെയ്തു ആറു മാസം അവിടെ കഴിച്ചു കൂട്ടി.
ഒടുവിൽ ആരോ തരപ്പെടുത്തിക്കൊടുത്ത വിസയിൽ സൗദി അറേബ്യയയിൽ എത്തുകയായിരുന്നു. റിയാദിൽ വിമാനമിറങ്ങിയ സലീമിനെ സ്പോൺസർ തരപ്പെടുത്തിയ ഡ്രൈവർ നേരെ കൊണ്ടുപോയത് റിയാദ് നഗരത്തിൽ നിന്ന് വളരെ അകലെ ഇന്നും പേരുപോലും സലീമിന് അറിയാത്ത മരുഭൂമിക്കുള്ളിൽ നൂറുകണക്കിന് ആട്ടിൻ പറ്റങ്ങൾക്കിടയിലേക്ക് ആയിരുന്നു. ആദ്യം പകച്ചു നിന്ന സലീം ക്രമേണ അവയോടു ഇഴുകി ചേരുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിലും മരം കോച്ചുന്ന തണുപ്പിലും സലീം ആടുകൾക്കൊപ്പം ആ വിജനമായ മരുഭൂമിയിൽ കഴിച്ചുകൂട്ടി. ഇടക്ക് ആട്ടിൻ പറ്റങ്ങളെ കാണാൻ എത്തുന്ന സ്പോൺസറും കുടുംബവും നൽകിയിരുന്ന ഭക്ഷണമായിരുന്നു ഏക സമാധാനം.
സ്പോൺസർക്ക് തന്നെക്കാൾ സ്നേഹവും കരുതലും ആട്ടിൻ പറ്റങ്ങളോടായിരുന്നു എന്ന് സലിം പറയുന്നു. തുച്ഛമായ ശമ്പളം മൂന്നു മാസത്തിലൊരിക്കൽ ലഭിച്ചിരുന്നെങ്കിലും അത് നാട്ടിലേക്ക് അയക്കാൻ മണിക്കൂറുകൾ മരുഭൂമിയിൽ നിന്ന് റോഡിലേക്ക് നടക്കണമെന്നതിനാൽ പലപ്പോഴും അതിനു കഴിഞ്ഞിരുന്നില്ല. പ്രിയതമയെ കുറിച്ചോ നാടിനെ കുറിച്ചോ വിവരങ്ങൾ അറിയാതെ ആ മണലാരണ്യത്തിൽ സലീം സ്വപ്നങ്ങളെ കുഴിച്ചു മൂടി കഴിഞ്ഞു. ഒരു പാക്കറ്റ് ഖുബ്ബൂസ് നാല് ദിവസമായി വെള്ളത്തിൽ മുക്കി കഴിച്ചത് ഇന്നും ഉണങ്ങാത്ത മുറിവായി ഉള്ളിൽ കിടപ്പുണ്ട്. കിട്ടിയിരുന്ന ശബളം ഒന്നോ രണ്ടോ തവണ അയച്ചത് കിട്ടാതെ ആയപ്പോൾ ഉപ്പ അഹമ്മദ് (അയ്മു) ‘ഓൻ ചത്തിട്ടുണ്ടാകും’ അത് കൊണ്ടാ പൈസ അയക്കാത്തതെന്നും അവനെ കാത്തിരിക്കണ്ട ‘നീ നിന്റെ വീട്ടിലേക്ക് പോയ്ക്കോ’ എന്നും ഭാര്യയോട് പറഞ്ഞത് സലീം ഉള്ള് നീറി പറയുന്നുണ്ട്. സലീം പലപ്പോഴും നാട്ടിൽ പോകുന്നതിനെക്കുറിച്ചു സ്പോൺസറോട് സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
ഒടുവിൽ ഒന്നര വർഷത്തിന് ശേഷം സ്പോൺസർ അറിയാതെ മുഹമ്മദ് സലിം അവിടെന്നു കാൽനടയായി രക്ഷപെട്ടു റിയാദിൽ എത്തുകയായിരുന്നു. ഒരുദിവസം റിയാദിലെ ബത്ഹയിൽ ജോലി അന്ന്വേഷിച്ചു നടന്ന സലീമിനെ പോലീസ് പിടികൂടി താമസ രേഖകൾ കൈവശമില്ലാത്തതിനാൽ തർഹീലിൽ (നാടുകടത്തൽ കേന്ദ്രത്തിൽ) എത്തിക്കുകയായിരുന്നു. 29 ദിവസത്തെ തർഹീൽ വാസം സലീം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് നിറകണ്ണുകളോടെ പറയുന്നു. ഒടുവിൽ അജ്ഞാതനായ ആരോ സമ്മാനിച്ച വിമാന ടിക്കെറ്റിൽ സലീം റിയാദിൽ നിന്ന് മുംബൈയിലേക്ക് യാത്രയായി. അന്ന് ചെരുപ്പോ പാൻറ്റോ ഉണ്ടായിരുന്നില്ലെന്ന് സലീം ഓർക്കുന്നു. ജയിലിൽ ആരോ ഉപേക്ഷിച്ചു പോയ കള്ളിമുണ്ടും ഉടുത്താണ് നാട്ടിലേക്ക് വിമാനം കയറിയത്.
നാട്ടിലെത്തി ഒരു വർഷത്തിന് ശേഷം മുഹമ്മദ് അലി തത്തനപ്പള്ളി എന്ന സുഹൃത്ത് നൽകിയ വിസയിൽ സലീം വീണ്ടും റിയാദിൽ എത്തി. അത് സലീമിന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് വിശ്വസിക്കുന്നു. ഹൗസ് ഡ്രൈവർ വിസയിലെത്തിയ സലീം ഡോക്ടറായ സൗദി വനിതയുടെ വിശ്വസ്ത ഡ്രൈവർ ആയി. ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചും അവരുടെ മക്കളെ സ്കൂളിലും പാർക്കുകളിലും കൊണ്ടുപോയും സലിം ആ കുടുംബത്തിലെ ഒരംഗത്തെപോലെയായി.
കുട്ടികൾ വളർന്നു പിൽക്കാലത്തു തുടങ്ങിയ ‘ഇൻസ്പയറിങ് സൊല്യൂഷൻ’ എന്ന കമ്പനിയിൽ സലീമിനെ അമരക്കാരനായി നിയോഗിക്കുകയായിരുന്നു. ഇന്ന് കമ്പനിയുടെ എല്ലാ മേഖലയിലും സലീമിന്റെ കരങ്ങളും കണ്ണുകളും എത്തണമെന്ന് സൗദി കുടുംബത്തിന് നിര്ബന്ധമാണ്. കൂടുതൽ വിദ്യാഭ്യാസം ഇല്ലാത്ത തന്നെ കമ്പനിയിലേക്ക് മാറ്റിയതും തന്റെ മക്കളെ പഠിപ്പിച്ചതും രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചു അയച്ചതും നല്ലൊരു വീട് പണികഴിപ്പിക്കാൻ കഴിഞ്ഞതും ഈ സൗദി കുടുംബത്തിന്റെ കാരുണ്യം കൊണ്ടെന്നു സലീം ഉറച്ചു വിശ്വസിക്കുന്നു. അന്ന് അനുഭവിച്ച ആടുജീവിതത്തിൽ നിന്ന് മാറി അത്തറ് മണക്കുന്ന ഗൾഫ്കാരനായെങ്കിലും ആ പൊള്ളുന്ന ഓർമ്മകൾ തീ കാറ്റ് പോലെ ഇടക്ക് അടിച്ച് വീശാറുണ്ട് ഉള്ളിൽ. സൗകര്യങ്ങളുടെ തിളക്കവും പള പളപ്പും ജീവിതത്തിൽ കടന്ന് വന്നിട്ടും വിനയാന്വിതനായി കഴിയുകയാണ് ഇന്നും. തന്നെപ്പോലെ മരുഭുമിയുടെ ഏതോ അറക്കുള്ളിൽ പെട്ടുപോയ ആട്ടിടയന്മാരെ കുറിച്ച് ചിന്തിക്കാറുണ്ട് എപ്പോഴുമെന്ന് സലീം പറയുന്നു.
പ്രവാസ ജീവിതത്തിനിടയിൽ പലപ്പോഴും തളർന്നു പോയപ്പോൾ കരുത്ത് പകർന്നു നൽകിയ മദാരി അഹമ്മദ് കുട്ടിയെന്ന പ്രിയപ്പെട്ട സുഹൃത്തിനെ ഓർത്തെടുക്കുന്നുണ്ട് സലീം. ഭാര്യ റുഖിയക്ക് പലകുറി സൗദി സന്ദർശിക്കുവാൻ സൗദി കുടുംബം അവസരം നൽകുകയുണ്ടായി. മുഹമ്മദ് സലീമിന്റെ ഈ വിജയത്തിൽ മക്കളായ അനസും,ഹസ്നയും,ഫസ്നയും ഏറെ സന്തോഷത്തിൽ ആണ്.
മൊബൈലും ടാബും ഇല്ലാതിരുന്ന അക്കാലത്ത് തന്നെ ചേർത്ത് പിടിച്ച പല സൗഹൃദങ്ങളെയും സലീം ഇന്നും ഓർത്തെടുക്കുന്നു. അവരിലാരെങ്കിലുമൊക്കെ ദുനിയാവിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്ന് തന്റെ 0508235648 നമ്പരിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ് സലീം പുളിക്കൽ.
![]()
