ന്യൂ ഡൽഹി:വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ജൂലൈ രണ്ടാം വാരം മുതല്‍ വിന്‍ഡീസില്‍ ടെസ്റ്റ്, ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇവയ്ക്കുള്ള സ്ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെയാണ് ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരിക്കുന്നത്.
ഏകദിന, ടി20 ടീമുകളിലേക്കു സഞ്ജു സാംസണിനെ തിരിച്ചുവിളിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും വിന്‍ഡീസ് പര്യടനം. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിനു മുമ്പ് ടീം ഇന്ത്യ വിന്‍ഡീസ് പര്യടനം നടത്തിയിരുന്നു. അന്നു ശിഖര്‍ ധവാന് നയിച്ച ഏകദിന ടീമിനു വേണ്ടി വിക്കറ്റ് കാത്ത സഞ്ജു തകര്‍പ്പന്‍ പ്രകടനവും നടത്തിയിരുന്നു. ഒരു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഈ കാരണത്താല്‍ തന്നെയാവാം ഇത്തവണയും സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിക്കുന്നതെന്നാണ് സൂചനകള്‍.
വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും.
ഇതില്‍ തിളങ്ങാനായാല്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്, ഐസിസിയുടെ ഏകദിന ലോകകപ്പ് എന്നിവയിലേക്കും അദ്ദേഹത്തിനു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാം. ഈ വര്‍ഷം സഞ്ജുവിനു കളിക്കാന്‍ സാധിച്ചത് ഒരേയൊരു ടി20 മല്‍സരത്തില്‍ മാത്രമാണ്. ജനുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്.
പക്ഷെ നിര്‍ഭാഗ്യം പരിക്കിന്റെ രൂപത്തില്‍ സഞ്ജുവിനു വില്ലനായി മാറി. ആദ്യ ടി20 മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു താഴെ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.
യുവ പേസ് ജോടികളായ ഉമ്രാന് മാലിക്കും അര്‍ഷ്ദീപ് സിങും പരിക്കിൽ നിന്നും മോചിതരായ ശ്രേയസ് അയ്യർ ജസ്പ്രീത് ബുമ്ര എന്നിവരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
![]()
