റിയാദ്: സൗദി അറേബിയയുടെ സ്ഥാപക ദിനം കെങ്കേമമായി ആഘോഷിച്ചു രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് നടന്നത്. തലസ്ഥാന നഗരമായ റിയാദിൽ കെട്ടിടങ്ങളും വാഹനങ്ങളും അലങ്കരിച്ചും സ്ഥാപക ദിന കൊടിതോരണങ്ങൾ കൊണ്ട് വര്ണശബളമാക്കിയും പരസ്പരം മധുരം പങ്കിട്ടും ജനങ്ങൾ ആഘോഷിച്ചു. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ രാജ്യത്തിൻറെ ആഘോഷത്തിൽ പങ്കുകൊണ്ടു. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പുരാതന വസ്ത്രധാരണം അണിഞ്ഞു കുട്ടികളുൾപ്പെടെയുള്ളവർ നിരത്തുകളിൽ ഇറങ്ങി. റിയാദിലെ നിരവധി ഇടങ്ങളിൽ അലങ്കാര വിളക്കുകൾ കൊണ്ട് സ്ഥാപകദിന ആശംസകൾ പ്രദർശിപ്പിച്ചിരുന്നു. മുന്നൂറ് വർഷങ്ങൾക്ക് മുൻപ് ദിരിയ്യ ആസ്ഥാനമായി ആദ്യ സൗദി ഭരണകൂടം സ്ഥാപിതമായതിന്റെ ഓർമ്മപുതുക്കലാണ് സ്ഥാപക ദിനം. ഫെബ്രുവരി 22 നു സൗദി സ്ഥാപകദിനമായി ആഘോഷിച്ചുവരുന്നു.
![]()
