മാവേലിക്കര : ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിധി പ്രസ്താവം കേൾക്കാൻ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. ഒരു കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ്.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷെമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷർനാസ് അഷ്റഫ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. 2021 ഡിസംബർ 19 ന് രാവിലെയാണ് കൊലപാതകം നടന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
![]()
