റിയാദ് : കോവിഡ് വിവിധ വകഭേദങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളോട് വികസിപ്പിച്ചെടുത്ത പുതിയ വാക്സിനെടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കോവിഡ് വകഭേദങ്ങൾ പ്രതിരോധിക്കാനും കോവിഡ് വൈറസിൽ നിന്നുള്ള സങ്കീർണതകൾ തടയുന്നതിനും വികസിപ്പിച്ചെടുത്ത ഈ വാക്സിന് സാധിക്കുമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) സ്ഥിരീകരിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹത്തി ആപ്ലിക്കേഷൻ’ വഴി വാക്സിനെടുക്കുന്നതിന് ബുക്ക് ചെയ്യണം. 18 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ ഈ വാക്സിൻ ലഭ്യമാണ്. എന്നാൽ ഗർഭിണികൾ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, അർബുദം ഉൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവർ, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അമിതവണ്ണം കാരണം അപകടസാധ്യതയുള്ളവർ എന്നിവർക്കാണ് നിലവിൽ മുൻഗണന ലഭിക്കുക. മാത്രമല്ല, കോവിഡിനെതിരെ നേരത്തെ എത്ര ഡോസ് വാക്സിൻ എടുത്താലും പുതിയ വാക്സിൻ എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
![]()
