കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശ്ശീലയുയർന്നു. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എം എൽ എ എന്നിവർ പങ്കെടുത്തു.
നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പ സ്വാഗത ഗാനത്തോടെയായിരുന്നു കലാമേളയുടെ ഉത്ഘാടന ചടങ്ങ് തുടങ്ങിയത്.
59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി പതിനാലായിരത്തോളം മത്സരാര്‍ഥികളാണ് കലാമേളയുടെ ഭാഗമാവുക. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലായാണ് മേള. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. സാംസ്കാരികനായകരുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.
![]()
