റിയാദ്: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും പിന്നാക്ക സമൂഹത്തിന് സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മറ്റി സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി കേരള ഘടകം വെള്ളിയാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രവാസി വൈസ് പ്രസിഡന്റ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ‘ഇന്ന് അധികാരത്തിലും സിവിൽ സർവ്വീസിലും മുന്നോക്ക സവർണ താല്പര്യങ്ങളാണ് നാട് ഭരിക്കുന്നത്. പിന്നാക്ക സമൂഹങ്ങൾക്ക് സർക്കാർ തലത്തിലും ഇതര മേഖലയിലും എത്രമാത്രം സാന്നിധ്യമുണ്ടെന്നും രാഷ്ട്ര നിർമ്മാണത്തിലും വികസനകാര്യത്തിലും തീരുമാനമെടുക്കുന്നതിൽ എത്ര സ്വാധീനമുണ്ടെന്നും ലോകമറിയണം. അതിന് കൃത്യമായ ഡാറ്റയും ശാസ്ത്രീയമായ വിവരങ്ങളും ശേഖരിക്കുവാൻ ഒരു സെൻസസ് അനിവാര്യമാണ്. ഇക്കാരണത്താലാണ് പാർട്ടി സെൻസസ് നടത്തണമെന്നാവശ്യപ്പെടുന്നത്.

സവർണ വംശീയതയുടെ ദീനം പിടിച്ചവവരാണ് ഇരുമുന്നണികളും. മുന്നോക്കക്കാരന് 10% കൂടി ഒരു പഠനവും സങ്കോചവുമില്ലാതെ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയവരാണ് ഇടതുപക്ഷ സർക്കാർ. ഈ കളി ഇനിയും അനുവദിച്ചു കൂടെ’ന്നു അദ്ദേഹം പറഞ്ഞു. എയ്ഡസ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം കേരളത്തിന്റെ സമര ചരിത്രത്തിലെ ഒരു സുപ്രധാന ഏടാവുമെന്നും ബാരിഷ് പറഞ്ഞു. മാധ്യമ പ്രവർത്തകനായ ജയൻ കൊടുങ്ങല്ലൂർ കീഴാള സമൂഹത്തിന് ഭരണഘടനാ ദത്തമായ അവകാശങ്ങൾ നിരന്തരം അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. പ്രവാസി നേതാക്കളായ സലീം മാഹി, ഷഹനാസ് സാഹിൽ, അസ്ലം മാസ്റ്റർ എന്നിവർ ഐക്യദാർഢ്യ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രവാസി വെൽഫെയർ ട്രഷറർ ഷഹ്ദാൻ സ്വാഗതവും സി.സി അംഗം ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു.
![]()
