റിയാദ് : സൗദിയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ ജോലികളുടെ കരാറുകൾ നൽകില്ല എന്ന നിയമം നിലവിൽ വന്നു.
ബഹുരാഷ്ട്ര കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി നിക്ഷേപക മന്ത്രാലയവും റിയാദ് റോയൽ കമ്മീഷനും 2021 ഫെബ്രുവരിയിലാണ് ആസ്ഥാനമാറ്റ നിർദേശം മുന്നോട്ട് വെച്ചത്. ഇതനുസരിച്ച് ഏകദേശം 180 വിദേശ കമ്പനികളാണ് ഇതിനകം സൗദിയിൽ അവരുടെ ആസ്ഥാനങ്ങൾ തുറന്നത്.
ഇത്തരം കമ്പനികൾക്ക് ധാരാളം ഓഫറുകളും നിക്ഷേപക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 30 വർഷത്തേക്ക് റീജിയണൽ ഹെഡ്ക്വാർട്ടേഴ്സിനുള്ള നികുതി ഇളവ്, പ്രാദേശിക ആസ്ഥാനങ്ങളുടെ ആദായ നികുതി പൂജ്യം ശതമാനം, സൗദിവത്കരണത്തിൽ ഇളവ്, വിദേശികളെ മാനേജർമാരായി നിയമിക്കൽ, കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് വിസ അനുവദിക്കൽ, ആശ്രിത വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ അവസരം, ആശ്രിത വിസയുള്ള കുട്ടികളുടെ പ്രായപരിധി 25 ആക്കൽ തുടങ്ങിയ ഇളവുകൾ ഇത്തരം സ്ഥാപനങ്ങൾക്ക് അനുവദിക്കും.എണ്ണേതര വരുമാനത്തിൽ പുതിയ നയം പ്രഖ്യാപിച്ച സൗദിയിൽ വിദേശ നിക്ഷേപങ്ങൾ വർധിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു
![]()
