ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു. അടുത്തിടെയാണ് വിജയകാന്തിനെ കോവിഡ് ബാധിതനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനാരോഗ്യത്തെത്തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡി. എം. ഡി. കെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം കാഴ്ചവച്ച വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം. എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. ഒരു വര്‍ഷം കഴിഞ്ഞപ്പോൾ തന്നെ ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയര്‍ന്നത് തമിഴകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. 1979 ല്‍ ആരംഭിച്ചതാണ് വിജയകാന്തിന്റെ അഭിനയജീവിതം. എന്തുകൊണ്ടോ ഈ നടന് പ്രേക്ഷകരുടെ ഹൃദയം വളരെ പെട്ടന്ന് തന്നെ കവര്‍ന്നു. വിജയകാന്ത് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസ്സിലെ സൂപ്പര്‍ഹീറോ അല്ലെങ്കില്‍ രക്ഷകന് പ്രതിച്ഛായയെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു. സൂപ്പര്‍താര പദവിയില്‍ ഉയര്‍ന്നപ്പോഴും പ്രതിഫലത്തില്‍ കാര്യത്തില്‍ വിജയകാന്ത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി നിർമ്മാതാക്കൾക്കൊപ്പം നിന്നിരുന്ന അപൂർവ്വ നടന്മാരിൽ ഒരാൾ തന്നെ ആയിരുന്നു. പുരട്ചി കലൈഞ്ജര്‍ എന്നായിരുന്നു ആരാധകർ സ്നേഹത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്നത്.
1994-ല്‍ എം. ജി. ആര് പുരസ്കാരം, 2001-ല്‍ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിന് ലഭിച്ചു.
![]()
