റിയാദ്: അലക്സ് മാത്യുവിൻറെ ഹൃദയവും കരളും കണ്ണും എന്തിനേറെ എണ്ണപ്പെട്ട പല അവയവങ്ങളും എന്നും ജീവിക്കും പലരിലൂടെ എന്ന് മാത്രം. കഴിഞ്ഞ ദിവസം ദമ്മാം കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട പത്തനംതിട്ട റാന്നി സ്വദേശി അലക്സ് മാത്യുവിന്റെ (44) അവയവങ്ങളാണ് പലർക്കായി ദാനം ചെയ്തത്. സൗദി അറേബിയയിലെ ജുബൈൽ അൽ നാജം അൽ താഖിബ് കോൺട്രാക്റ്റിംഗ് കമ്പനിയിലെ
ജീവനക്കാരനായിരുന്നു അലക്സ് മാത്യു. ഒരുമാസത്തോളമായി ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് ജുബൈൽ അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സക്കായി ദമ്മാം കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിക്കുകയും അവിടെവെച്ചു കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം നൽകുന്നതിന് കുടുംബം സമ്മതമറിയിച്ചു. കമ്പനി അധികൃതർ ഈ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും അതിനുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരും സൗദി ആരോഗ്യ വകുപ്പും അവയവങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
അന്നം നൽകിയ നാടിനു അവയവം ദാനം നൽകി അലക്സ് മാത്യുവിന്റെ കുടുംബം മാതൃക കാട്ടുകയായിരുന്നു. ഷീബ അലക്സാണ് അലക്സ് മാത്യുവിന്റെ ഭാര്യ. അബിൻ, അലൻ എന്നിവർ മക്കളാണ്. മാതാവ്: റേച്ചൽ മാത്യു. അവയവ മാറ്റത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കമ്പനി പ്രതിനിധി അക്വീൽ, ബന്ധുവായ ജോർജ് തോമസ് എന്നിവർ രംഗത്തുണ്ട്. അലക്സ് മാത്യുവിന്റെ ഭൗതിക ശരീരം കടല് കടന്നു അങ്ങ് കേരളക്കരയിൽ അത്യവിശ്രമം കൊള്ളുമ്പോൾ ഇങ്ങു സൗദിയിലെ വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന്റെ അവയവങ്ങൾ പലരിലും ജീവന്റെ തുടിപ്പായി സ്പന്ദിക്കും.
![]()
