പുതുവർഷത്തിൽ ഗാന്ധിഭവന് സ്നേഹസമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികൾക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലി നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തിൽ ശിലയിട്ടു.ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്.
ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുവാൻ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിർമ്മിച്ചുനൽകിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. മുന്നൂറോളം അന്തേവാസികൾക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കുവാനുള്ള സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂർത്തിയാകുമ്പോൾ ഇരുപത് കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിർമ്മാണം. അതിനും മുകളിലായി 700 പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, പ്രത്യേക പരിചരണവിഭാഗങ്ങൾ, ഫാർമസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാൾ, ലിഫ്റ്റുകൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഓഫീസ് സംവിധാനങ്ങൾ, കിടക്കകൾ, ഫർണീച്ചറുകൾ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കി അഗതികളായ അച്ഛന്മാർക്ക് സമ്മാനിക്കുമെന്ന് യൂസഫലി പറഞ്ഞു.
ഗാന്ധിഭവനിലെത്തിയ യൂസഫലിയെ അമ്മമാർ പുഷ്പങ്ങൾ നൽകിയും കുട്ടികൾ ബാൻഡ് മേളത്തോടെയുമാണ് സ്വീകരിച്ചത്. അദ്ദേഹം കേക്ക് മുറിച്ച് അമ്മമാർക്ക് നൽകി ക്രിസ്മസ് സന്തോഷം പങ്കിട്ടു. തുടർന്ന് ശിലാസ്ഥാപനത്തിനു ശേഷം ഗാന്ധിഭവനിലെ കിടപ്പുരോഗികളടക്കമുള്ള അന്തേവാസികളെ സന്ദർശിച്ചു.
ഗാന്ധിഭവനിലെ അമ്മമാർക്കും അച്ഛന്മാർക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്. ശിലാസ്ഥാപന ചടങ്ങിൽ യുസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്റനാഷണൽ കമ്മ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ, ചീഫ് എഞ്ചിനീയർ ബാബു വർഗ്ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്,ചെയർപേഴ്സൺ ഷാഹിദ കമാൽ,ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്,ഓർഗനൈസിംഗ് സെക്രട്ടറിമാരായ മുഹമ്മദ് ഷമീർ, വിൻസന്റ് ഡാനിയേൽ, ശിശുപാലൻ,മായാ അമൽ, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭൂവനചന്ദ്രൻ,അക്കൗണ്ട്സ് ജനറൽ മാനേജർ ഉദയകുമാർ, ട്രസ്റ്റി പ്രസന്ന രാജൻ എന്നിവർ പങ്കെടുത്തു.

കെട്ടിടങ്ങൾ നിർമ്മിച്ചുനൽകുന്നത് കൂടാതെ ഏഴു വർഷത്തിനിടെ പല ഘട്ടങ്ങളിലായി എട്ടു കോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നൽകിയിട്ടുണ്ട്. ഗാന്ധിഭവനിലെയും കേരളത്തിലുടനീളമുള്ള ഇരുപത് ശാഖകളിലെയും അന്തേവാസികൾക്ക് അന്നദാനത്തിനു പുറമെ, പുതിയ മന്ദിരത്തോട് ചേർന്ന് ഏഴ് ഏക്കറിലധികം വസ്തു വാങ്ങാനാണ് ഈ തുകയത്രയും ചെലവിട്ടതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ-രോഗികൾ, മാനസികരോഗികൾ, ശാരീരിക വൈകല്യങ്ങളുള്ളവർ, കിടപ്പുരോഗികൾ, എച്ച്.ഐ.വി. ബാധിതർ എന്നിങ്ങനെ അന്യസംസ്ഥാനക്കാരടക്കം ആയിരത്തിമുന്നൂറിലധികം പേർ അധിവസിക്കുന്ന ഗാന്ധിഭവനിലെ സ്ഥലപരിമിതിക്ക് ഇതോടെ ആശ്വാസമാകുമെന്നും സെക്രട്ടറി പറഞ്ഞു.
![]()
