തിരുവനന്തപുരം: ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി കെ റിയാസ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍ മുഖ്യാതിഥിയായിരുന്നു. വി.കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ‘ഇല്യൂമിനേറ്റിങ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നു.
കോവിഡിന് ശേഷം ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ ആദ്യമായാണ് പുഷ്പമേള നടത്തുന്നത്. പുഷ്പമേളയില്‍ 75,000 ത്തോളം പുഷ്പ ചെടികള്‍ പ്രദര്‍ശിപ്പിക്കും. കനകക്കുന്ന് പ്രവേശന കവാടത്തില്‍ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷനും ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിലെ നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാന്‍ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതല്‍ ഉണര്‍വേകുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂര്‍വ്വമായ പുഷ്പങ്ങളും കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങളും പ്രത്യേകം തട്ടുകളില്‍ വിന്യസിച്ച് ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ഇത്തവണത്തേത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ജനുവരി രണ്ട് വരെ നടക്കുന്ന വസന്തോത്സവത്തിലെ പ്രവേശന നിരക്ക്. സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പെറ്റ്സ് പാര്‍ക്ക്, ട്രേഡ് ഫെയര്‍ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകര്ഷണങ്ങള്.
![]()
