കോഴിക്കോട്: നവകേരള സദസിന് വീണ്ടും ബോംബ് ഭീഷണി. നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലും ബോംബ് വെയ്ക്കുമെന്നാണ് ഭീഷണിക്കത്ത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് കത്ത് എത്തിയത്. പിന്നാലെ മന്ത്രിയുടെ ഓഫീസ് പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ കോഴിക്കോട്ടും വയനാട്ടിലും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. രണ്ടിടത്തും മാവോയിസ്റ്റുകളുടെ പേരിലായിരുന്നു ഭീഷണി. ഈ സംഭവങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഭീഷണിക്കത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കുന്നതിന് മുമ്പാണ് നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്തെത്തിയത്. വയനാട് ദളത്തിന്റെ പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. കഴിഞ്ഞ ദിവസം വയനാട്ടിലും നവകേരള സദസിനെതിരെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. അതേസമയം ഈ രണ്ട് കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു.
മുമ്പും മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സർക്കാരിന്റെ പൊലീസ് വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിരുന്നു. സർക്കാരിന്റെ നവകേരള സദസ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് മാവോയിസ്റ്റുകളുടെ പേരിൽ കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചത്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്കാണ് ഭീഷണിക്കത്തെത്തിയത്. കൽപ്പറ്റയിൽ നവകേരള സദസ് നടക്കുന്നതിന് മുമ്പാണ് സംഭവം. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. മറ്റൊരു കത്തുകൂടി കളക്ട്രേറ്റിലേക്ക് എത്തിയതായി അധികൃതർ അറിയിച്ചു.
യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
![]()
