പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിമാനക്കൂലി വർധിപ്പിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രവാസികളുടെ നാടാണ് കേരളം.അവർക്ക് നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കുക പ്രധാനമാണ്. അടിക്കടി വർദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വിവിധ തലങ്ങളിൽ നാം ചർച്ച ചെയ്യാറുണ്ട്. അങ്ങനെ ചർച്ചയിൽ വരുന്ന പ്രധാനപ്പെട്ട ഒരു വിഷയം കരിപ്പൂർ വിമാനത്താവളത്തിൻറെ വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാറിനാദ്യമായി ചിറകുകൾ സമ്മാനിച്ച കരിപ്പൂർ വിമാനത്താവളത്തിൻറെ വികസനം മുരടിച്ചു നിൽക്കുകയാണ്. വിമാനത്താവള വികസനം സാധ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിലെ നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൻറെ റൺവേ എൻഡ് സേഫ്റ്റി ഏരിയ തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഇത്. ഭൂമി നഷ്ടപ്പെട്ട 64 കുടുംബങ്ങൾക്ക് വേണ്ടി 10 ലക്ഷം രൂപ വീതം ഉള്ള പുനരധിവാസ പാക്കേജ് നടപ്പാക്കി. ഏകദേശം 95 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്. നടപടികൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽത്തന്നെ ഭൂമി എയർപോർട്ട് അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. ടെണ്ടർ ദീർഘിപ്പിക്കുന്നതിലൂടെ കാലതാമസം വരികയാണിപ്പോൾ. എത്രയും പെട്ടെന്ന് ടെൻഡർനടപടികൾ പൂർത്തിയാക്കി റൺവേ വികസനം യാഥാർത്ഥ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി മാരുടെ യോഗത്തിലും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന അഭ്യർത്ഥനയും നടത്തിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
![]()
