എന്റെ ഭാഷ എന്റെ വീടാണ് എന്റെ ആകാശമാണ്, ഞാൻ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്, എന്റെ അമ്മയുടെ തലോടലും, ശാസനയുമാണ്, എന്റെ ഭാഷ ഞാൻ തന്നെയാണ്, ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്.
കേരളത്തിന്റെ, മലയാളത്തിന്റെ അഭിമാനം എഴുത്തുകളിൽ വിസ്മയം തീർത്ത..മലയാള സാഹിത്യത്തെ വിശ്വത്തിന്റെ നെറുകയിൽ എത്തിച്ച…ആ രണ്ടക്ഷരം…മലയാളത്തിന്റെ പുണ്യം ….എം. ടി.
അക്ഷരങ്ങൾക്ക് കരയിക്കുവാനുള്ള ശക്തിയുണ്ടെന്നു തെളിയിച്ച നമ്മുടെയുള്ളിൽ കണ്ണുനീർ ഓളങ്ങളും കദന തീരങ്ങളും സൃഷ്ടിച്ച ആ മഹാനായ കലാകാരന്റെ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാ നദിയാണെനീക്കിഷ്ടം എന്നു പറഞ്ഞ വായനക്കാരുടെ ഹൃദയത്തിൻ്റെ നാലുകെട്ടിൽ എന്നും അക്ഷരങ്ങളുടെ പുലരി മഞ്ഞിനാൽ കുളിരണിയിക്കുന്ന എഴുത്തുകാരൻ,
ഇനിയും പറയാത്ത ഭാവനയുടെ ജാലകങ്ങളും കവാടങ്ങളും തുറന്ന് വന്ന നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ നമ്മുടെ സ്വന്തം മലയാളികളുടെ സ്വകാര്യ അഹങ്കാരം മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി.
എം.ടി. എന്ന രണ്ടക്ഷരത്തെ അനുഭവിക്കാത്ത മലയാളി ഉണ്ടാകില്ലെന്ന് നിസംശയം പറയാം.കഥയിലൂടെ, നോവലിലൂടെ അതുമല്ലെങ്കിൽ സിനിമയിലൂടെയോ പ്രഭാഷണത്തിലൂടെയോ മലയാളി മനസ്സിൽ എം.ടിയുണ്ട്. അക്ഷരം കൊണ്ട് മലയാളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ മഹാപ്രതിഭയുടെ സർഗ്ഗ വൈഭവത്തെ വണങ്ങുന്നു. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.
മലയാളത്തിന്റെ അക്ഷര സുകൃതം, ശ്രീ. എം.ടി. വാസുദേവൻ നായർക്ക് നവതി ആശംസകൾ.
![]()
