ചെന്നൈ : അന്യഭാഷാ ചിത്രങ്ങളിലെ താരങ്ങൾ ഇനി തമിഴ് സിനിമയിൽ അഭിനയിക്കേണ്ടന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി). തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്നാണ് സംഘടനയുടെ തീരുമാനം.
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നത് ഉൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നിങ്ങനെ നീളുന്നു നിർദ്ദേശങ്ങൾ.
അതേസമയം തമിഴിൽ നിന്നും അടുത്തിടെയായി എത്തിയ എല്ലാ ഹിറ്റ് സിനിമകളിലും മലയാളി താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഫഹദ് ഫാസിൽ, ഷൈൻ ടോം ചാക്കോ, അപർണ ദാസ്, അപർണ ബാലമുരളി, രജിഷ വിജയൻ, ലിജോ മോൾ, ഹരീഷ് പേരടി, ജയറാം, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളെല്ലാം തമിഴിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു.
![]()
