കോട്ടയം:വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിലും ഇതു തന്നെ പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ ആയാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.’-ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടിയെ അപമാനിച്ചെന്ന കേസിൽ വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കും. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തി എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഡിസിസിയാണ് നടനെതിരെ നടപടി തേടി പോലീസിനെ സമീപിച്ചത്.
ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചത്. ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ പൊലീസിൽ പരാതി നൽകിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. എന്നാൽ, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്. അതേസമയം വിനായകൻ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
![]()
