ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി നാളെ ഇറങ്ങുമ്പോൾ ഐപിഎൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യൻ ടീമിലെ 15 കളിക്കാരിൽ 13 പേരും ഏപ്രിൽ, മെയ് മാസത്തിൽ നടന്ന ഐപിഎല്ലിൽ സജീവമായിരുന്നു. മറുവശത്ത്, ഓസീസ് ടീമിലെ രണ്ട് കളിക്കാർമാത്രമാണ് ഐപിഎൽ കളിച്ചത്. ഈ സാഹചര്യത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ചത് തളർച്ചയാകുമോ എന്ന ആശങ്കയുണ്ട് ഇന്ത്യൻ ടീമിന്. ഓസീസിനാകട്ടെ വേണ്ടത്ര മത്സരപരിചയം കിട്ടാത്തത് തിരിച്ചടിയായേക്കുമെന്ന ചിന്തയാണ്.
നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ. ഇന്ത്യൻ സമയം പകൽ മൂന്നിന് കളി തുടങ്ങും.ഇന്ത്യൻ ടീമിൽ ചേതേശ്വർ പൂജാരമാത്രമാണ് ഐപിഎൽ കളിക്കാത്തത്. പൂജാര കൗണ്ടിയിൽ സജീവമായിരുന്നു. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിലുണ്ടായിരുന്നെങ്കിലും ഒരു കളിയിലും ഇറങ്ങിയില്ല. ഓപ്പണർ ശുഭ്മാൻ ഗിൽ ഫൈനൽ ഉൾപ്പെടെ 17 കളിക്കിറങ്ങി. പേസർ മുഹമ്മദ് ഷമിയും 17 എണ്ണത്തിൽ പന്തെറിഞ്ഞു. വിരാട് കോഹ്ലി 14 മത്സരങ്ങളിൽ ഇറങ്ങിയപ്പോൾ ഇഷാൻ കിഷനും ക്യാപ്റ്റൻ രോഹിത് ശർമയും 16 വീതം മത്സരങ്ങളാണ് കളിച്ചത്. രവീന്ദ്ര ജഡേജ (16), മുഹമ്മദ് സിറാജ് (14), അജിൻക്യ രഹാനെ (14), അക്സർ പട്ടേൽ (14), ശാർദുൽ ഠാക്കൂർ (11), ആർ അശ്വിൻ (13) എന്നിവരും പരാമവധി കളികളിലിറങ്ങി.
‘ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാർക്കുംതന്നെ ഐപിഎല്ലിലൂടെ നല്ല മത്സരപരിചയം കിട്ടി. കൂടുതൽ കളിക്കാതെ ഇറങ്ങുന്നതിനെക്കാൾ നല്ലതാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അതേസമയം, കൂടുതൽ കളിച്ചത് തളർത്തുമോ എന്നതും വിഷയമാണ്’–- ഓസ്ട്രേലിയൻ ടീം മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പറഞ്ഞു.ഓസീസ് ടീമിൽ ഡേവിഡ് വാർണറും കാമറൂൺ ഗ്രീനുംമാത്രമാണ് ഐപിഎല്ലിൽ സജീവമായുണ്ടായത്. മിച്ചെൽ നെസെർ, സ്റ്റീവൻ സ്മിത്ത്, മാർകസ് ഹാരിസ്, മാർണസ് ലബുഷെയ്ൻ എന്നിവർ കൗണ്ടിയിൽ കളിച്ചിരുന്നു. എങ്കിലും ടീമിലെ ഭൂരിഭാഗം പേരും മാർച്ചിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷം മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല.
ഏത് ടീമാണ് ഏറ്റവും നന്നായി ഒരുങ്ങിയത് എന്ന ചോദ്യത്തിന് നാളെമുതൽ ഉത്തരം കിട്ടും.
![]()
