റിയാദ്: പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് പ്രവാസി കാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് ഏറ്റെടുത്ത തീരുമാനമെന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു . പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളില്‍ നിയമസഭയ്ക്കകത്തും പുറത്തും സജീവമായി ഇടപെടുന്ന വി.ഡി. സതീശന് വലിയ ഉത്തരവാദിത്വം കൈക്കൊണ്ടത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും ഒഐസിസി നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ മണ്ണില്‍ കഴിയുന്ന മലയാളി പ്രവാസികള്‍ തൊഴില്‍ പ്രതിസന്ധി, നിയമക്കുരുക്കുകള്‍, പുനരധിവാസം, നാട്ടിലേക്കുള്ള മടക്കം, സങ്കീര്‍ണ്ണമായ ഇന്‍ഷുറന്‍സ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന നിര്‍ണായക ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ പ്രവാസി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന് സാധിക്കുമെന്നാണ് പ്രവാസി ലോകത്തിന്റെ പ്രതീക്ഷ.
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ പുനരധിവാസത്തിലും ക്ഷേമത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് വകുപ്പിന്റെ നേരിട്ടുള്ള ചുമതല നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞദിവസം വി.ഡി. സതീശന് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
![]()
