റിയാദ്:മുപ്പത്തിയഞ്ച് കൊല്ലം നീണ്ടു നിന്ന പ്രവാസത്തോട് സലാം പറഞ്ഞ് മടങ്ങുകയാന്ന് ജബ്ബാർ പൂവ്വാർ അഥവ റിയാദുകാരുടെ ജബ്ബാർ മാമ. റിയാദിലെ പരിപാടികളിലെ നിറസാന്നിധ്യമാണ് ജബ്ബാർ ഇക്ക. തിരുവനന്തപുരം പൂവ്വാർ സ്വദേശിയാണ് ഇദ്ദേഹം. റിയാദിൽ നടക്കുന്ന ചെറുതും വലുതുമായ പരിപാടികളിൽ ജബ്ബാർ ഇക്ക നിറസാന്നിധ്യമാണ്. ആളുകൾ പരിപാടി വീക്ഷിക്കുമ്പോൾ, പാട്ടീലും ഡാൻസിലും മുഴുകി ആർത്തു വിളിക്കുമ്പോൾ, മതി മറന്നു നൃത്തം ചവിട്ടുമ്പോൾ ആ നിമിഷങ്ങളെ തന്റെ ക്യാമറയിൽ ഫ്രെയിമുകളിൽ നിന്ന് ഫ്രെയിമുകളിലേക്ക് പകർത്തി ജബ്ബാറിക്ക അവിടെയുണ്ടാകും. ഓരോ പരിപാടിയിലും ജബ്ബാർ ഇക്ക ഇങ്ങനെ പകർത്തുന്നത് ആകട്ടെ നൂറു കണക്കിന് ചിത്രങ്ങൾ. അതും മൊബൈൽ ഫോണിൽ. ഇങ്ങനെ പകർത്തുന്ന മനോഹരമായ ചിത്രങ്ങൾ അവകാശികൾക്ക് അയച്ചു കൊടുത്തൂ ജബ്ബാർ ഇക്ക സായൂജ്യം അടയുന്നു. ഫോട്ടോ പിടിത്തം ജബ്ബാർ ഇക്കാക്ക് ജീവനാണ്. ഇതിനായി മുന്തിയ ഫോണുകൾ മാറി മാറി പ്രയോഗിക്കാറുണ്ട് ജബ്ബാർ ഇക്ക. ഇപ്പോൾ കയ്യിലിരിക്കുന്നതാകട്ടെ സാംസങ് 22 അൾട്രാ. ഇന്ന് റിയാദിലെ ഒട്ടുമിക്ക പ്രവാസികളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളുടെ മുഖ ചിത്രം ജബ്ബാർ ഇക്ക പകർത്തിയതാകും എന്നതിൽ സംശയം ഇല്ല. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾക്ക് ആരിൽ നിന്നും പാരിതോഷികം സ്വീകരിക്കാറില്ല എന്നതാണ് ഈ ഫോട്ടോ പിടിത്തക്കാരന്റെ പ്രത്യേകത. റിയാദിൽ വന്നു പോകുന്ന നിരവധി കലാകാരന്മാരുടെ മനോഹര ചിത്രങ്ങൾ ഈ ക്യാമറ ഒപ്പിയെടുക്കാറുണ്ട്. പലപ്പോഴും അവ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യുന്നവർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. റിയാദിലെ സ്നേഹ കൂട്ടായ്മയായ ‘റിയാദ് ടാക്കീസിന്റെ’ അമരക്കാരിൽ പ്രധാനിയാണ് ജബ്ബാർ ഇക്ക. ഈ ക്യാമറയിൽ നിന്ന് ആയിരകണക്കിന് ക്ലിക്കുകൾ ഇനിയും പിറവി കൊള്ളട്ടെ. റിയാദിലെ സ്പന്ദനങ്ങളെ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ പകർത്തിയെടുക്കുന്ന വിരലില്ലെണ്ണാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ജബ്ബാർ ഇക്ക. ഒരു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ചു മടങ്ങിയ രാജൻ കാരിച്ചാലും ക്ലിക്കുകളിൽ റിയാദിന്റെ തുടിപ്പുകളെ പകർത്തിയ മാന്യ വ്യക്തിത്വം ആയിരുന്നു. ഇവരുടെ മടങ്ങിപ്പോക്ക് റിയാദ് സമൂഹത്തിനു വലിയ നഷടമാണെന്ന് മലയാളികൾ മുഴുവൻ പറയുന്നു. ജൂൺ 22 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് റിയാദ് ടാക്കീസ് ജബ്ബാർ പൂവ്വാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് പരിപാടി ബത്ഹ അപ്പോളോ ഡിമോറോ ആഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുകയാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജബ്ബാർ പൂവ്വാറിന് ജി.സി.സി ടൈംസിന്റെ പ്രാർത്ഥനയും യാത്രാ മംഗളങ്ങളും.
സുലൈമാൻ വിഴിഞ്ഞം. റിയാദ്.

![]()
