മിന : തമ്പുകളുടെ നഗരി എന്ന് ലോകം വാഴ്ത്തുന്ന പ്രദേശമാണ് മിന. ലോകത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഹജ്ജിനെത്തുന്ന ഹാജിമാർ ഹജ്ജ് കാലത്തു കൂടുതൽ സമയം ചിലവഴിക്കുന്ന പുണ്യ പ്രദേശങ്ങളിൽ ഒന്നുകൂടിയാണ് മിന. ലോകത്തു ഏറ്റവും കൂടുതൽ തമ്പുകളുള്ള പ്രദേശവും ഇത് തന്നെയാണ്. ബലിയറുക്കപ്പെടുന്ന മൃഗങ്ങളുടെ രക്തമൊഴുക്കപ്പെടുന്ന പ്രദേശം എന്ന അർത്ഥത്തിൽ ‘മന’ എന്ന വാക്കിൽ നിന്നുമാണ് മിന എന്ന പേര് വന്നതെന്നും ജനം ഒത്തുകൂടുന്ന ഇടം എന്ന അർത്ഥത്തിലും മിന എന്ന പേരിലും ഈ പ്രദേശം അറിയപ്പെടുന്നു. വിശുദ്ധ ഗേഹമായ മക്കയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മക്കയുടെ അതിർത്തിക്കുള്ളിലാണ്. രണ്ടു ഭാഗങ്ങളും മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം മക്കക്കും മുസ്ദലിഫക്കും ഇടയിൽ ഇരുപത്തിയഞ്ചു ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടപ്പാണ്. ഇസ്ലാമിക ചരിത്രവുമായി ഈ പ്രദേശത്തിന് ഹൃദയബന്ധമുണ്ട്.
മദീനയിലേക്കുള്ള ഹിജ്റക്ക് മുൻപായി ചരിത്ര പ്രസിദ്ധമായ രണ്ടു അഖബ ഉടമ്പടികൾ നടന്നതും പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗം നടന്നതും വിശുദ്ധ ഖുർആനിലെ സൂറത്തു ന്നസ്ർ അവതരിച്ചതും ഇവിടെ വെച്ചാണ്. ദൈവീക നിർദേശ പ്രകാരം പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്മയിലിനെ ബലിയറുക്കാൻ പോകുന്ന വഴിയിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞു ആട്ടിപായിച്ചത്തിന്റെ പ്രതീകമായ മൂന്നു ജംറകൾ സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്. പുരാതന കാലത്തു മരുഭൂമിയിലൂടെ ഒട്ടകങ്ങളിൽ ഹജ്ജിനെത്തിയിരുന്ന ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതിനു മുൻപ് ഒട്ടകങ്ങൾക്ക് വെള്ളം നല്കിയിരുന്നതും വിശ്രമിച്ചിരുന്നതും ഇവിടെയായിരുന്നെന്നു ചരിത്രകാരന്മാർ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഹാജിമാർ ഹജ്ജിന്റെ ഭാഗമായ ബലിയറുക്കുന്നതും മൂന്നു ജംറകളിൽ കല്ലേറ് നടത്തുന്നതും ഇവിടെയാണ്. പ്രാർത്ഥനകളിലും ദൈവ സ്മരണയിലും ഇവിടെ കഴിയുന്ന ഹാജിമാർ നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകനായ ഇബ്രാഹീമും മകൻ ഇസ്മായിലും കോറിയിട്ട ഐതിഹാസിക ചരിത്ര സ്മരണകളെ ആയവറുക്കുക കൂടിയാണ് ചെയ്യുന്നത്. ഈ പ്രദേശത്താണ് നിരവധി പ്രവാചകന്മാരുടെ പാദസ്പർശം ഏറ്റ് അനുഗ്രഹീതമായ പുരാതന പള്ളികളിൽ ഒന്നായ ‘മസ്ജിദ് ഖൈഫ്’ നിലകൊള്ളുന്നത്. അറബികൾക്കിടയിൽ ‘മസ്ജിദ് റസൂൽ’ എന്ന് വിളിപ്പേരുള്ളതും ഈ പള്ളിക്കാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബി ഹജ്ജ് നിർവഹിച്ചു തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയത് ഈ മസ്ജിദ് ഖൈഫിലെന്നു ചരിത്രം രേഖപെടുത്തുന്നു. ഏതാണ്ട് ഇരുപത്തി അയ്യായിരം ചതുരശ്ര മീറ്റർ നീണ്ടു കിടക്കുന്ന ഈ പള്ളിയിൽ പതിനായിരക്കണക്കിന് ഹാജിമാർക്ക് ഒരു സമയം നമസ്കരിക്കുവാനുള്ള സൗകര്യങ്ങൾ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. മസ്ജിദ് ഖൈഫ് കൂടാതെ കുവൈറ്റ് മസ്ജിദ് എന്നൊരു വലിയ പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു.
പരാതനകാലത്തു ചെറിയ തുണികൊണ്ടു നാല് തൂണുകളിലാണ് തമ്പുകൾ സ്ഥാപിച്ചിരുന്നതെങ്കിൽ ഇന്ന് നൂതന സംവിധാനങ്ങളുടെ അകമ്പടിയോടു കൂടി വിപുലമായ സംവിധാനങ്ങളാണ് ഭരണകൂടം ഓരോ വർഷവും ഇവിടങ്ങളിൽ ഒരുക്കികൊണ്ടിരിക്കുന്നതു. അഗ്നി ബാധ തടയുന്നതു മുതൽ കാലാവസ്ഥയെ പ്രതിരോധിക്കുവാനുള്ള സംവിധാനങ്ങൾ പോലും തമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മുപ്പത്തിരണ്ട് ലക്ഷം ഹാജിമാരെ ഉൾകൊള്ളാൻ പാകത്തിൽ ഒന്നര ലക്ഷം റെൻറ്റുകളാണ് മിന താഴ് വാരത്തു ഒരുക്കിയിട്ടുള്ളത്. ഹാജ്ജിമാർക്ക് ജംറകളിലേക്ക് കല്ലേറിനു പോകുന്നതിനും മടക്കത്തിനും മെട്രോ റയിൽവേ സംവിധാനം ഇവിടെയുണ്ട്. കൂടാതെ കാൽനടയായി ജംറയിലേക്ക് പോകുന്ന ഹാജിമാർക്ക് തണൽ നൽകുന്നതിന് കിലോമീറ്ററുകൾ നീളമുള്ള തണൽ പന്തലുകൾ ഇവിടെ സജ്ജമാണ്. നിരവധിയായ റോഡുകൾ ഈ താഴ് വരക്കു തലങ്ങും വിലങ്ങും സ്ഥിതിചെയ്യുന്നു. ഇവക്ക് വശങ്ങളിലായി ആയിരകണക്കിന് ടോയ്ലെറ്റ് സംവിധാനങ്ങൾ, പ്രാഥമിക ശുശ്രുഷ കേന്ദ്രങ്ങൾ, അഗ്നിശമന സേന സെന്ററുകൾ, ചെറുതും വലുതുമായ ആശുപത്രികൾ എന്ന് വേണ്ട സംവിധാനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്.
അറബിയും അനറബിയും നീഗ്രോയും യുറോപ്യനും മുന്തിയവനും താഴ്ന്നവും എന്ന വ്യത്യാസമില്ലാതെ മുഴുവൻ ഹാജിമാരും ദൈവ പ്രീതിക്കായി ആകാശത്തേക്ക് കൈകളുയർത്തി താഴ്ന്നു കേണപേക്ഷിച്ചു നിർവൃതി അടയുന്ന ഈ തമ്പുകളുടെ താഴ്വര ഏതു വിശ്വാസിയുടെയും ഹൃദയത്തിൽ മരണം വരെ കൂടിയിരിക്കും.
![]()
