ജിസാൻ: ജിസാനിൽ ഇടതുപക്ഷ പ്രവർത്തകർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഓൺലൈനിലൂടെ കൺവൻഷൻ ത്ഘാടനം ചെയ്തു.
പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ ആരു ഭരിക്കുമെന്നതല്ല ഇന്ത്യതന്നെയുണ്ടാകുമോ എന്നതാണ് രാജ്യം നേരിടുന്ന പ്രധാന ചോദ്യമെന്നും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളും മതനിരപേക്ഷതയും ബഹുസ്വരതയും ഇല്ലാതാക്കികൊണ്ട് ഇന്ത്യയെ ഒരു വർഗീയ മതാതിഷ്ഠിത റിപ്പബ്ലിക്കായി മാറ്റാനുള്ള ആർഎസ്എസിൻറെ പ്രവർത്തന പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് പൗരത്വഭേദഗതി നിയമമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് അഭിപ്രായപ്പെട്ടു.
ജിസാൻ എ.കെ.കാർഗോ കോമ്പൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സാംസ്കാരിക പ്രവർത്തകനും ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരിയുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ നീലാംബരി, ഫൈസൽ മേലാറ്റൂർ എന്നിവർ സംസാരിച്ചു. സലാം കൂട്ടായി സ്വാഗതവും വെന്നിയൂർ ദേവൻ നന്ദിയും പറഞ്ഞു.
എന്തുകൊണ്ട് എൽഡിഎഫ്, സിഎഎ യുടെ കാണാപ്പുറങ്ങൾ എന്നീ ഡോക്യു മെന്ററികളും പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കാവ്യശിൽപ്പവും കൺവെൻഷനിൽ പ്രദർശിപ്പിച്ചു. സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, എൻ.എം.മൊയ്തീൻ ഹാജി, സണ്ണി ഓതറ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ നിമയസഭാ മണ്ഡലങ്ങളിലെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജിസാനിലെ പ്രവാസികൾക്കിടയിൽ വിവിധ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.
![]()
