തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 15 മരണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ പുരുഷനാണ് ഇന്നലെ മരിച്ചത്. രണ്ടു ദിവസം മുൻപ് കൊല്ലം സ്വദേശിയായ 48 കാരിയും മരിച്ചിരുന്നു. 12 ദിവസത്തിനിടെ 4 പേരാണ് മരിച്ചത്. 12 പേർ ചികിൽസയിലുണ്ട്. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്തിഷക ജ്വരം എങ്ങനെ പകർന്നെന്ന് കണ്ടെത്താനായിട്ടില്ല.
അമീബിക് മസ്തിഷ്ക ജ്വരം
നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.
രോഗത്തിന്റെ ആദ്യഘട്ടത്തിൽ ചില പ്രധാന ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കഠിനമായ പനി, സഹിക്കാൻ കഴിയാത്ത തലവേദന എന്നിവയാണ് ഇതിൽ പ്രധാനം.
![]()
