അറഫ ലോക മുസ്ലീംങ്ങളുടെ സംഗമ ഭൂമി.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഹജ്ജിനായി എത്തുന്ന മുഴുവൻ ഹാജിമാരും ഒരേ സമയം സംഗമിക്കുന്ന പുണ്യ പ്രദേശമാണ് അറഫ. അറഫ എന്ന വാക്കിനു ‘തിരിച്ചറിഞ്ഞു’ എന്നാണു അർഥം. ഇതിനു കാരണമായി പറയപ്പെടുന്നത് സ്വർഗ്ഗത്തു നിന്ന് പുറത്താക്കപ്പെട്ട ശേഷം ഭൂമിയിൽ വെച്ച് ആദവും ഹവ്വയും പരസ്പരം കാണുകയും തിരിച്ചറിയുകയും ചെയ്ത സ്ഥലം അറഫയാണ് എന്നതാണ്. അതല്ലെങ്കിൽ ഹജ്ജിനെത്തുന്ന ഹാജിമാർ തന്റെ തെറ്റുകളെ സ്വയം തിരിച്ചറിയുന്നത് ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിൽ ഒന്നായ അറഫാ സംഗമത്തിൽ അറഫയിൽ വെച്ചായിരിക്കാം എന്നതും ഈ പേര് വരാൻ കാരണമായി പറയപ്പെടുന്നു. ‘ഹജ്ജ് അറഫയാണ്’ എന്ന പ്രവാചക വചനം ഈ ഇടത്തിന് മാറ്റുകൂട്ടുന്നു.
അറഫയുമായി ബന്ധപെട്ടു നിരവധിയായ പ്രവാചക വചനങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ ശോഭിച്ചു നിൽക്കുന്നു. അള്ളാഹു അവന്റെ അതിഥികളായ ഹാജിമാരെ നോക്കി അഭിമാനിക്കുകയും അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവർക്ക് പൊറുത്തു കൊടുക്കുകയും അവന്റെ കാരുണ്യം അവരുടെ മേൽ വർഷിക്കുകയും ചെയ്യുന്ന ദിവസമാണ് അറഫാ എന്ന് പ്രവാചകൻ അരുളി. ഹജ്ജിനെത്തുന്ന മുഴുവൻ ഹാജിമാരും ദുൽഹജ്ജ് 9 നു അറഫയിൽ സമ്മേളിക്കണം എന്നത് ഹജ്ജിന്റെ കർമ്മപരമായ നിയമങ്ങളിൽ പ്രധാനമാണ്. അറഫയിൽ എത്താത്തവർക്ക് ഹജ്ജില്ല എന്ന പ്രവാചക വചനം മുൻ നിർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മുഴുവൻ ഹാജിമാരും അറഫ ദിനമായ ദുൽഹജ്ജ് 9 നു ഇവിടെ ഒത്തുകൂടുന്നു.
ഹജ്ജിനായെത്തി രോഗികളായി ആശുപത്രികളിൽ കഴിയുന്ന മുഴുവൻ ഹാജിമാരെയും ഇവിടെ എയർ ആംബുലന്സുകളിൽ പോലും എത്തിക്കുന്നത് ഈ നിയമത്തിനു ശക്തി വർധിപ്പിക്കുന്നു. പുണ്യ ഗേഹമായ മക്കയിൽ നിന്ന് 22 കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്താണ് അറഫയുടെ സ്ഥാനം. 10.4 കുലോംമീറ്റർ ചുറ്റളവിലാണ് ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നത്. ഈ പ്രദേശത്താണ് കാരുണ്യത്തിന്റെ മല അഥവാ ‘ജബല് റഹ്മ’ സ്ഥിതിചെയ്യുന്നത്. അറഫയുടെ കിഴക്ക് ഭാഗത്തായി റോഡ് ഏഴിനും എട്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ മലക്ക് കേവലം 65 മീറ്റർ മാത്രമാണ് ഉയരം. തെക്കുഭാഗത്തു 170 മീറ്ററും വടക്കു ഭാഗത്തു രണ്ടു മീറ്ററുമാണ് മലയുടെ നീളം. പടിഞ്ഞാറു ഭാഗത്തു 100 മീറ്ററും കിഴക്കു ഭാഗത്തു 170 മീറ്ററുമാണ് വീതി. ആകെ വിസ്തീർണ്ണം 240 ചതുരശ്ര മീറ്റർ ആണ്. പ്രവാചകൻ മുഹമ്മദ് നബി അറഫാ പ്രസംഗം നടത്തിയത് ഈ മലയുടെ താഴ്വരയിലാണെന്നു ചരിത്ര പണ്ഡിതന്മാർ പറയുന്നു.
മസ്ജിദുൽ ഹറമിൽ നിന്ന് അറഫയിൽ എത്താൻ ഒൻപതു പ്രധാന റോഡുകളാണ് ഉള്ളത്. റിങ് റോഡുകളും ബൈപാസ്സുകളും സജ്ജീകരിച്ചിട്ടുണ്ട് സൗകര്യങ്ങൾക്കായി. മുൻപ് ഈ പ്രദേശം തരിശു ഭൂമിപോലെ ആയിരുന്നെങ്കിലും ഇന്ന് ഹാജിമാർക്ക് തണൽ നൽകുന്നതിനും അന്തരീക്ഷ വായു ശുചീകരിക്കുന്നതിനും വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വേപ്പ് മരങ്ങൾ ഇന്ന് ഈ പ്രദേശത്തെ പച്ചപ്പ് കൊണ്ട് ഹാജിമാരെ ചേർത്തുപിടിക്കുന്നു. അറഫയുടെ അതിരുകൾ ഹാജിമാർക്ക് മനസ്സിലാകും വിധം വിവിധ ഭാഷയിലുള്ള ബോർഡുകളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ദേശ -ഭാഷ -വർണ്ണ വ്യത്യാസമില്ലാതെ ലോക വിശ്വാസികൾ വർഷത്തിലൊരിക്കൽ ഒരുമിച്ചു കൂടുകയും പരസ്പരം അറിയുകയും പടച്ചവന്റെ മഹത്വം മനസ്സിലാക്കുകയും ചെയ്യുന്ന പുണ്യ ഇടമാണ് അറഫാ. ഇവിടെ തൊഴിലാളിയെന്നോ മുതലാളിയെന്നോ പണ്ഡിതനെന്നോ പാമരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവുകൾ ഇല്ല എന്നത് മറ്റു സംഗമങ്ങളിൽ നിന്ന് അറഫയെ അറഫാ സംഗമത്തെ വേറിട്ട് നിര്ത്തുന്നു. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ ലോകത്തെ വിശ്വാസി സമൂഹം അവരോടു ഐക്യദാർഢ്യം എന്നോണം വൃതം അനുഷ്ഠിക്കുന്നു.
![]()
