വിശുദ്ധ ഗ്രന്ഥത്തിന്റെ ഖുർആൻൻറെ അവതരണം കൊണ്ട് ധന്യമായ പർവതമാണ് ജബലുന്നൂർ അഥവാ പ്രകാശ പർവതം. മക്കയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പർവതത്തിന് മുഹമ്മദ് നബിയുമായും വിശുദ്ധ ഗ്രന്ഥമായ ഖുർആനുമായും ഇസ്ലാം എന്ന പ്രത്യയശാസ്ത്രവുമായും അഭേദ്യമായ ബന്ധമുണ്ട്. പ്രവാചകനായ മുഹമ്മദ് നബി ഏകാന്തത ഇഷ്ട്ടപെട്ടു ഇടക്കൊക്കെ ധ്യാന നിമഗ്നനായി ഒറ്റക്ക് കഴിയാൻ തെരെഞ്ഞെടുത്തിരുന്നത് ഈ പർവതത്തെയായിരുനെന്നു ചരിത്രം.
വിശുദ്ധ ഗ്രന്ഥമായ ഖുർആന്റെ ആദ്യ വചനങ്ങളുടെ അവതരണത്തിന് ദൈവം തിരഞ്ഞെടുത്തത് ഈ പർവതത്തിൽ സ്ഥിതി ചെയ്യുന്ന ‘ഹിറ’ ഗുഹയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് എന്ന പ്രവാചകനെ ആയിരുന്നു എന്നതും ഈ പർവതത്തിനും ഹിറാ ഗുഹക്കും ഇസ്ലാമിക ചരിത്രത്തിൽ ഏറെ സ്വാധീനമുണ്ട്. മക്കയിലെ മറ്റു പർവതങ്ങളിൽ നിന്ന് ഈ പ്രകാശ പർവതിനു ഏറെ വ്യത്യാസമുള്ളതായി ഈ മേഖലയിൽ പഠനം നടത്തുന്നവർ പറയുന്നു.
630 മീറ്റർ ഉയരമുള്ള ഈ പർവതത്തിന്റെ മുകൾ ഭാഗത്തിന് ഒട്ടകത്തിന്റെ പൂഞ്ഞയോട് സാദൃശ്യം ഉള്ളതായി മനസ്സിലാക്കാൻ കഴിയും. പർവതത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ മക്ക നഗരത്തെ പൂർണ്ണമായും വീക്ഷിക്കനാകും എന്നതും ഈ പ്രകാശ പർവത്തെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. തലയെടുപ്പോടെ നിൽക്കുന്ന ഈ പർവതത്തിന്റെ മുകളിൽ നിന്ന് വലതു വർഷത്തേക്ക് അല്പം മാറിയാണ് ഹിറാ ഗുഹയുടെ സ്ഥാനം. ഒരാൾക്ക് മാത്രം പ്രവേശിക്കാൻ കഴിയുന്ന ഇതിന്റെ പ്രവേശന കവാടത്തെ രണ്ടു പാറകൾ കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഒരു ത്രികോണാകൃതിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ഉള്ളിലിരുന്നാൽ മക്ക എന്ന വിശുദ്ധ ഗേഹത്തെ വ്യക്തമായി കാണാൻ കഴിയും.
ഇതാണ് പ്രവാചകൻ ഹിറാ ഗുഹ തെരെഞ്ഞെടുക്കാൻ കാരണമായി ചരിത്രകാരന്മാർ പറയുന്നത്. ലോകർക്ക് പ്രകാശമായി അവതരിച്ച വിശുദ്ധ ഖുർആൻ ഈ പർവതത്തിൽ ജിബിരിൽ എന്ന മാലാഖ മുഖേന പ്രവാചകന് ഇറക്കിയത് കൊണ്ടാണ് ഈ പർവതത്തിന് ജബലുന്നൂർ അഥവാ പ്രകാശ പർവ്വം എന്ന് പേര് ലഭിച്ചത്. ഇന്ന് ഈ പേരിനോട് സാമ്യം പുലർത്തി ഈ പ്രദേശത്തെ ‘നൂരിയ’ പ്രകാശിത പ്രദേശം എന്ന് അറിയപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിന്നും ഉംറക്കും എത്തുന്ന തീർത്ഥാടകർ ഈ പർവതത്തെ കാണാനും സ്പർശിക്കാനും ആ ഗുഹയിൽ വെച്ചു പ്രാർത്ഥിക്കാനും തിരക്ക് കൂട്ടാറുണ്ട്.
ഏകദേശം രണ്ടു മണിക്കൂർ വേണ്ടിവരും ഇതിന്റെ ഉച്ചിയിൽ എത്താൻ. ലേശം ദുർഘടം പിടിച്ചതാണ് മുകളിലെത്തുക എന്നതെങ്കിലും തീർത്ഥാടകർ ഇവിടം സന്ദർശിക്കാതെ മടങ്ങാറില്ല. ഇപ്പോൾ മക്ക മുനിസിപ്പാലിറ്റി ഇവിടെ ചില ഭാഗങ്ങളിൽ നടന്നു കയറിപോകാൻ പാകത്തിന് പടവുകളും ചില സുരക്ഷകമ്പി വേലികളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ മുതൽ സഞ്ചരികളും തീർത്ഥാടകരും ഇവിടേക്ക് ഒഴിക്കിയെത്തും. ഈ പർവതത്തെ കുറിച്ചും ഗുഹയെ കുറിച്ചുമുള്ള സംശയനിവാരണത്തിനും മത നിർദേശങ്ങൾക്കും മതകാര്യ വിഭാഗത്തിന്റെ ഒരു ചെറിയ ഓഫീസ് ഈ മലഞ്ചരിവിൽ പ്രവർത്തിക്കുന്നു. മക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് സന്ദർശക ബസ് സർവീസുകൾ ഇപ്പോൾ ലഭ്യമാണ്.
![]()
